കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം നിലംപതിച്ച് ഒരാള്‍ മരണപ്പെട്ടതിൽ ആരോഗ്യവകുപ്പിനെതിരെ രൂക്ഷവിമർശനവുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ഗുരുതരമായ ഒന്നിലേറെ വീഴ്ചകൾ ഉണ്ടായിട്ടുണ്ട്. മന്ത്രിമാർ തന്നെ വന്ന് ഡിക്ലയർ ചെയ്യുകയാണ് അകത്ത് ആളില്ല എന്ന്. അതിന് ശേഷം തിരച്ചിലുകൾ അലസമായെന്നും രാഹുൽ ആരോപിച്ചു.
ഇന്നലെ അരഡസനോളം മന്ത്രിമാരും മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറി, ഡിജിപി, പൊലീസ് മേധാവി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥ രെല്ലാം ജില്ലയിൽ ഉണ്ടായിട്ടും മനുഷ്യ ജീവൻ നഷ്ടമായി. രണ്ടര മണിക്കൂറും ഒരു മനുഷ്യജീവനും നഷ്ടപ്പെടുത്തിയതിന് ശേഷമാണ് തെരച്ചിൽ നടപടികൾ ആരംഭിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
ആശുപത്രിയിലെ പുതിയ കെട്ടിടം പണികൾ പൂർത്തീകരിക്കപ്പെട്ടിട്ടും ഏത് മുഹൂർത്തത്തിന് വേണ്ടിയാണ് കാത്തിരിക്കുന്നത്. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രമേ ഉദ്ഘാടന മാമാങ്കം നടത്തുകയുള്ളൂ. സർക്കാർ പിആറിന്റെ രക്തസാക്ഷിയാണ് മരിച്ച ബിന്ദു. മുൻപ് ആരോഗ്യവകുപ്പിൽ ചികിത്സ തേടിവരുന്നവർ മാത്രം പേടിച്ചാൽ മതിയായിരുന്നു. ഇപ്പോൾ കൂട്ടിരിക്കാൻ വരുന്നവരും പേടിക്കണം.
ജീവഭയത്താൽ കഴിയേണ്ട സാഹചര്യം ഉണ്ടാകുകയാണ്. ഇത് ഇന്സ്ടിട്യൂഷണൽ മർഡറാണ്. ഇത് കൊലപാതകമാണ്. അതിന്റെ ഉത്തരവാദി കേരളത്തിന്റെ ആരോഗ്യമന്ത്രിയാണ്. വീഴ്ചകളെല്ലാം സിസ്റ്റം എറര്‍. പാരസെറ്റാമോള്‍ കഴിച്ച് പനി മാറിയാല്‍ അത് സര്‍ക്കാര്‍ നേട്ടം. കോട്ടങ്ങളുടെ സിസ്റ്റത്തിൽ മന്ത്രിയില്ലേ എന്നും രാഹുൽ മാങ്കൂട്ടത്തിൽ ചോദിച്ചു. മന്ത്രി രാജിവയ്ക്കുംവരെ സമരം തുടരുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.