Headlines

‘എന്റെ ഭാര്യ മരിച്ചുകിടക്കുകയാണ്; ആരോടാണ് പരാതി പറയേണ്ടത്’; ബിന്ദുവിന്റെ ഭര്‍ത്താവ്

ഇനിയാര്‍ക്കും ഇങ്ങനെയൊരു അവസ്ഥ ഉണ്ടാകരുതെന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്ന് മരിച്ച ബിന്ദുവിന്റെ ഭര്‍ത്താവ് വിശ്രുതന്‍. തന്റെ ഭാര്യ മരിച്ചുകിടക്കുകയാണെന്നും ആരോടാണ് പരാതി പറയേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇനിയുള്ള കാര്യങ്ങളെങ്കിലും നേരാംവണ്ണമാകണമെന്നും വിശ്രുതന്‍ പറഞ്ഞു.

അപകടം നടക്കുന്ന സമയത്ത് താന്‍ ബ്ലഡ് ബാങ്കിലായിരുന്നുവെന്നും പ്രഷര്‍ അടക്കമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ കൂടെ വരേണ്ടെന്ന് പറഞ്ഞ് ബിന്ദുവിനെ പറഞ്ഞു വിടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൊച്ചെന്നെ നിലവിളിച്ചു വിളിക്കുകയായിരുന്നു. അങ്ങനെയാണ് ഓടി വരുന്നത്. രക്ഷാപ്രവര്‍ത്തനം നടത്താന്‍ പറ്റിയ ഒരു ഏരിയ അല്ല. അതിനകത്ത് ജെസിബിയടക്കം കൊണ്ടുവരുന്നതിന് പരിമിതിയുണ്ട്. അതിന് കുറ്റം പറഞ്ഞിട്ട് കാര്യമില്ല. തിരക്ക് പിടിച്ച സമയവുമായിരുന്നു. ഒരല്‍പ്പം താമസിച്ചു പോയി – അദ്ദേഹം പറഞ്ഞു.

ഓരോ സ്ഥലത്തും ഉണ്ടെന്ന് പറഞ്ഞ് ഞാന്‍ ഓടുകയായിരുന്നു. അവിടൊന്നും ഇല്ലായിരുന്നു. അപ്പോഴും മണ്ണിനടിയിലായിരുന്നു. എന്റെ കുഞ്ഞുങ്ങളെ പഠിപ്പിച്ചത് അവള് തന്നെയാ. ഞാനൊന്നുമല്ല – വിതുമ്പിക്കൊണ്ട് അദ്ദേഹം പറഞ്ഞു.

മകളുടെ നട്ടെല്ലിന്റെ ചികിത്സയ്ക്കായി ചൊവ്വാഴ്ച രാവിലെയാണ് ബിന്ദുവും ഭര്‍ത്താവും മകനും കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് പോയത്.
ചികിത്സയ്ക്കായി പോകുമ്പോള്‍ ഒരാഴ്ച കഴിഞ്ഞ് മടങ്ങി വരാം എന്ന ഉറപ്പ് പറഞ്ഞാണ് ബിന്ദു ഉമ്മാകുന്നില്‍ നിന്ന് പോയത്. പ്രായമായ അമ്മയുടെയും രോഗിയായ മകളുടെയും ഭര്‍ത്താവിന്റെയും ഏക ആശ്രയമായിരുന്നു ബിന്ദു. തലയോലപ്പറമ്പിലെ ടെക്‌സ്റ്റെയില്‍സിലായിരുന്നു ബിന്ദു ജോലി ചെയ്തിരുന്നത്.