Headlines

‘ഐ ലൗ യൂ’ എന്ന് വെറുതെ പറയുന്നത് ലൈംഗിക അതിക്രമമാകില്ല; പോക്‌സോ കേസ് പ്രതിയുടെ ശിക്ഷ റദ്ദാക്കി ബോംബെ ഹൈക്കോടതി

ഐ ലൗ യൂ എന്ന് പറയുക മാത്രം ചെയ്യുന്നത് ലൈംഗിക അതിക്രമമായി കാണാനാകില്ലെന്ന് ബോംബെ ഹൈക്കോടതി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തടഞ്ഞുനിര്‍ത്തി ഐ ലൗ യൂ പറഞ്ഞതിന് പോക്‌സോ കേസ് ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയുടെ ശിക്ഷ റദ്ദാക്കിക്കൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം. ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചിലെ ജസ്റ്റിസ് ഈര്‍മിള ജോഷി ഫാര്‍കെയുടേതാണ് സുപ്രധാന വിധി

ഐ ലൗ യൂ എന്ന് മാത്രം പറയുന്നത് നിയമത്തിന്റെ വ്യാഖ്യാനത്തില്‍ ലൈംഗിക അതിക്രമമായി മാറുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. ഐ ലൗ യൂ എന്ന് പറയുന്നതിനൊപ്പം പറഞ്ഞയാള്‍ ഈ സ്ത്രീയ്‌ക്കോ/ കുട്ടിയ്‌ക്കോ എതിരെ പ്രവര്‍ത്തിച്ച മറ്റെന്തെങ്കിലും കൂടി കണക്കിലെടുത്ത് മാത്രമേ ഐ ലൗ യൂ പറയുന്നതിന് ലൈംഗിക ഉദ്ദേശമുണ്ടായിരുന്നെന്ന് പറയാനാകൂ. ഈയൊരു വാക്യം മാത്രമായി ലൈംഗിക അതിക്രമമെന്ന് കാണാനാകില്ലെന്നും കോടതി വ്യക്തമാക്കി.2015ല്‍ രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ടായിരുന്നു കോടതിയുടെ പരാമര്‍ശങ്ങള്‍. 11-ാം ക്ലാസില്‍ പഠിക്കുകയായിരുന്ന പെണ്‍കുട്ടി സ്‌കൂളില്‍ നിന്ന് മടങ്ങിവരും വഴി പ്രതി ബൈക്കില്‍ പിന്തുടര്‍ന്നുവെന്നും തടഞ്ഞുനിര്‍ത്തി കുട്ടിയുടെ കൈയില്‍ പിടിച്ച ശേഷം ഐ ലൗ യൂ പറഞ്ഞെന്നുമാണ് കേസ്. കുട്ടി ഇത് വീട്ടില്‍ പറയുകയും വീട്ടുകാര്‍ പൊലീസില്‍ പരാതി നല്കുകയും ചെയ്തു. ശേഷം ഇയാള്‍ക്കെതിരെ പോക്‌സോ നിയമത്തിലെ സെക്ഷന്‍ എട്ട് ചുമത്തി കേസെടുക്കുകയായിരുന്നു.