എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷന് സമീപം പൂട്ടിക്കിടക്കുന്ന പഞ്ചനക്ഷത്ര ഹോട്ടലില്‍ അതിക്രമിച്ചു കയറി ടെലിവിഷനും ഗൃഹോപകരണങ്ങളും പാത്രങ്ങളും മറ്റു മോഷണം നടത്തിയ സംഭവത്തില്‍ അഞ്ച് സ്ത്രീകളെ എറണാകുളം സെന്‍ട്രല്‍ പോലിസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് കോയമ്പത്തൂര്‍ ഗാന്ധിനഗര്‍ സ്വദേശികളായ ജ്യോതി രാഘവന് (25), മിത്ര ജസ്വിന് (21), അമ്മു വിനോദ് (20), പൊന്നി അപ്പു (16), സെല്‍വി സുരേഷ് (20)എന്നിവരാണ് അറസ്റ്റിലായത്.കണയന്നൂര്‍ തഹസില്‍ദാര്‍ കണ്ടുകെട്ടി പൂട്ടിയിട്ടിരുന്ന ഹോട്ടലില്‍ നിന്നാണ് പ്രതികള്‍ മോഷണം നടത്തിയത്.
മോഷണമുതലുകളുമായി പോകുന്ന പ്രതികളെ കണ്ട പോലിസ് ഉദ്യോഗസ്ഥര്‍ തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്തപ്പോഴാണ് കൈവശമുള്ളത് മോഷണമുതല്‍ ആണെന്ന് ബോധ്യപ്പെട്ടത്. തുടര്‍ന്ന് വനിതാ പോലീസുകാര്‍ അടക്കമുള്ള പോലീസ് സംഘം സ്ഥലത്തെത്തി പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് പ്രതികളെ ചോദ്യം ചെയ്തതില്‍ മുമ്പ് നടത്തിയ മോഷണങ്ങളും തെളിഞ്ഞു. പ്രതികള്‍ മോഷണം നടത്തി വില്‍പ്പന നടത്തിയ മുതലുകള്‍ വാങ്ങിയ സ്ഥാപനങ്ങളില്‍നിന്നും പൊലിസ് പിടിച്ചെടുത്തു. എറണാകുളം എസിപി കെ ലാല്‍ജിയുടെ മേല്‍നോട്ടത്തില്‍ സെന്‍ട്രല്‍ പോലിസ് ഇന്‍സ്പെക്ടര്‍ എസ് വിജയശങ്കര്‍, എസ് ഐ മാരായ വിപിന്‍ കുമാര്‍, തോമസ് പള്ളന്‍, അരുള്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രഭാകുമാരി, ഹേമ, മിനി, ലിബിഷ തുടങ്ങിവര്‍ അടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്.പ്രതികളെ കോടതിയില്‍ ഹാജരാക്കും.