സംസ്ഥാനത്ത് ഒന്നു മുതൽ ഒൻപത് വരെയുള്ള ക്ലാസുകളുടെ വാർഷിക പരീക്ഷ ബുധനാഴ്ച ആരംഭിക്കുകയാണ്. ഒന്നു മുതൽ നാലു വരെ ക്ലാസുകളിൽ വർക് ഷീറ്റ് മാതൃകയിലാണ് വാർഷിക പരീക്ഷ ചോദ്യപേപ്പർ തയ്യാറാക്കിയിട്ടുള്ളത്. അഞ്ച് മുതൽ ഒൻപത് വരെയുള്ള ക്ലാസ്സുകൾക്ക് ചോദ്യപേപ്പർ നൽകി വാർഷിക മൂല്യനിർണയം നടത്തും.
എൽ.പി ക്ലാസ്സിലെ കുട്ടികൾ പരീക്ഷാ ദിവസങ്ങളിൽ ക്രയോണുകൾ, കളർ പെൻസിൽ തുടങ്ങിയവ കരുതണം. അഞ്ചു മുതൽ ഏഴു വരെ ക്ലാസുകളിൽ എല്ലാ ചോദ്യപേപ്പറുകളിലും ചോയ്‌സ് ചോദ്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. എട്ട്, ഒമ്പത് ക്ലാസുകളിലെ വാർഷിക പരീക്ഷാ ചോദ്യപേപ്പറുകളിൽ അധിക ചോദ്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ പാഠഭാഗങ്ങളിൽ നിന്നും ചോദ്യങ്ങൾ ഉണ്ടാകുമെങ്കിലും ആദ്യ ഭാഗങ്ങളിൽ നിന്ന് കൂടുതൽ ചോദ്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. 8,9 ചോദ്യ പേപ്പറുകളുടെ ഘടന മുൻവർഷങ്ങളിലേത് പോലെ ആയിരിക്കും.
മാർച്ച് 31-നാണ് എസ്.എസ്.എൽ.സി പരീക്ഷ ആരംഭിക്കുന്നത്. ഏപ്രിൽ 29-ന് സമാപിക്കും. എസ്.എസ്.എൽ.സി ചോദ്യക്കടലാസ് വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ എത്തിത്തുടങ്ങിയിട്ടുണ്ട്. ജൂൺ രണ്ട് മുതൽ 18 വരെയാണ് പ്ലസ് വൺ പരീക്ഷ. പ്ലസ് ടു പരീക്ഷ മാർച്ച് 30 മുതൽ ഏപ്രിൽ 26 വരെയാണ്.
മൊത്തം 34,37,570 കുട്ടികൾ ആണ് ഇത്തവണ വാർഷിക പരീക്ഷ എഴുതുന്നതെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു. കുട്ടികൾക്ക് ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കാൻ കഴിയുന്ന രീതിയിലാണ് പരീക്ഷ ആസൂത്രണം ചെയ്തിട്ടുള്ളതെന്നു വ്യക്തമാക്കിയ മന്ത്രി പരീക്ഷയെഴുതുന്ന എല്ലാ വിദ്യാർത്ഥികൾക്കും ആശംസ നേർന്നു.