വധഗൂഢാലോചന കേസിൽ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിന് വിളിപ്പിച്ച സൈബർ വിദഗ്ധൻ സായി ശങ്കർ ഇന്ന് ഹാജരായില്ല. കൊവിഡ് ബാധിച്ചതിനാൽ പത്ത് ദിവസത്തെ സാവകാശമാണ് ഇയാൾ ചോദിച്ചിരിക്കുന്നത്. ദിലീപന്റെ ഫോണിലെ തെളിവുകളും രേഖകളും നശിപ്പിച്ചതെന്ന് ഇയാളാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു
ഇന്ന് രാവിലെ പത്ത് മണിക്ക് കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകണമെന്നായിരുന്നു നോട്ടീസ്. ദിലീപിന്റെ ഫോണിലുണ്ടായിരുന്ന സുപ്രധാന തെളിവുകൾ കൊച്ചിയിലെ അഭിഭാഷകന്റെ ഓഫീസിൽ വെച്ചും ഒരു ഹോട്ടലിൽ വെച്ചും സായി ശങ്കർ നശിപ്പിച്ച് കൊടുത്തിരുന്നു.
എന്നാൽ തെളിവുകൾ നശിപ്പിച്ചിട്ടില്ലെന്നും ദിലീപിന്റെ ഫോണിലുണ്ടായിരുന്ന വ്യക്തിപരമായ ചില വിവരങ്ങൾ കോപ്പിചെയ്ത് കൊടുക്കുക മാത്രമാണ് താൻ ചെയ്തതെന്നാണ് സായി ശങ്കർ പറയുന്നത്. തന്നെ കേസിൽ പ്രതിയാക്കാൻ നീക്കം നടക്കുന്നുണ്ടെന്നും ദിലീപിന്റെ അഭിഭാഷകർക്കെതിരെ മൊഴിനൽകാൻ പൊലീസ് നിർബന്ധിക്കുന്നുവെന്നും ഇയാൾ ആരോപിച്ചിരുന്നു.