ഉന്നത വിദ്യാഭ്യാസ മേഖലയിൽ വമ്പൻ പ്രഖ്യാപനങ്ങൾ; ഐടി ഇടനാഴികളിൽ 5ജി ലീഡർഷിപ്പ് പാക്കേജ്

 

2022-23 സാമ്പത്തിക വർഷത്തെ സംസ്ഥാന ബജറ്റ് നിയമസഭയിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിക്കുന്നു. കൊവിഡ് പ്രതിസന്ധിയും റഷ്യ-യുക്രൈൻ യുദ്ധവുമൊക്കെ സാമ്പത്തിക രംഗത്തിന് ഏൽപ്പിച്ച ആഘാതങ്ങൾ ചൂണ്ടിക്കാട്ടിയാണ് ധനമന്ത്രി പ്രസംഗം ആരംഭിച്ചത്.

പ്രധാന പ്രഖ്യാപനങ്ങൾ

ലോകമെമ്പാടുമുള്ള വിദഗ്ധരെ ഉൾക്കൊള്ളിച്ച് ആഗോള സമാധാന സമ്മേളനം വിളിച്ചു ചേർക്കാൻ 2000 കോടി മാറ്റിവെക്കുന്നതായി മന്ത്രി അറിയിച്ചു. വിലക്കയറ്റം പിടിച്ചുനിർത്താനും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനും 2000 കോടി മാറ്റിവെച്ചു.

ഉന്നത വിദ്യാഭ്യാസ മേഖലയിൽ സമൂലമായ മാറ്റത്തിനാണ് ലക്ഷ്യമിടുന്നത്. കേരളത്തിലെ സർവകലാശാലാ ക്യാമ്പസുകൾക്ക് 20 കോടി രൂപ വീതം നൽകും. പുതിയ കോഴ്‌സുകൾ ആരംഭിക്കാൻ പ്രത്യേക പദ്ധതികൾ അവതരിപ്പിക്കും. സർവകലാശാല ക്യാമ്പസുകളോട് ചേർന്ന് സ്റ്റാർട്ട് അപ് ഇൻകുബേഷൻ യൂണിറ്റ് സ്ഥാപിക്കാൻ 200 കോടി. ഹോസ്റ്റലുകളോട് ചേർന്ന് ഇന്റർ നാഷണൽ ഹോസ്റ്റലുകൾ. 1500 പുതിയ ഹോസ്റ്റൽ മുറികൾ നിർമിക്കും.

തിരുവനന്തപുരത്ത് മെഡിക്കൽ ടെക് ഇന്നോവേഷൻ കേന്ദ്രം ആരംഭിക്കും. കിഫ്ബി വഴി 100 കോടി അനുവദിക്കും. സ്‌കിൽ പാർക്കുകൾക്ക് 350 കോടി. 140 മണ്ഡലങ്ങൾക്കും സ്‌കിൽ കേന്ദ്രങ്ങൾ ലഭിക്കും. മെഡിക്കൽ ടെക് ഇന്നോവേഷൻ പാർക്ക് സ്ഥാപിക്കാൻ 150 കോടി. മൈക്രോ ബയോ കേന്ദ്രങ്ങൾക്ക് 5 കോടി. ഗ്രാഫീൻ ഗവേഷണത്തിനായി ആദ്യ ഗഡുവായി 15 കോടി രൂപ

രാജ്യത്ത് ഈ വർഷം ആരംഭിക്കുന്ന 5ജി സർവീസ് കേരളത്തിലും മാറ്റങ്ങൾ സൃഷ്ടിക്കും. 5ജി സാങ്കേതിക വിദ്യയുടെ ഉപയോഗത്തിൽ കേരളം മുന്നിലെത്തും. ഇതിനായി 5ജി ലീഡർഷിപ്പ് പാക്കേജ് ഇടനാഴികൾ പ്രഖ്യാപിച്ചു. ഐടി ഇടനാഴികളിൽ 5ജി ലീഡർഷിപ് പാക്കേജ്.