കെഎസ്ആർടിസി ബസുകൾക്ക് ഇനി ജില്ല തിരിച്ചുള്ള നമ്പർ സിസ്റ്റം

 

കെഎസ്ആർടിസി ബസുകൾക്ക് ഇനി ജില്ല തിരിച്ചുള്ള നമ്പർ സിസ്റ്റം. ജില്ല അടിസ്ഥാനത്തിൽ സീരിയൽ നമ്പർ നൽകുന്നതിന് വേണ്ടി നിലവിലുള്ള ബോണറ്റ് നമ്പർ ഒഴിവാക്കാതെ അതിനൊപ്പം ബസിന്റെ ഇടത് ഭാഗത്തായി ഓരോ ജില്ലയ്ക്കും രണ്ട് അക്ഷരങ്ങൾകൂടെ ഉൾപ്പെടുത്തി നമ്പർ അനുവദിച്ചു. തിരുവനന്തപുരം-TV , കൊല്ലം-KL , പത്തനംതിട്ട- PT, ആലപ്പുഴ-AL, കോട്ടയം- KT, ഇടുക്കി-ID, എറണാകുളം-EK , തൃശ്ശൂർ-TR , പാലക്കാട്- PL , മലപ്പുറം- ML, കോഴിക്കോട്- KK, വയനാട്- WN, കണ്ണൂർ- KN , കാസർകോട് – KG എന്നിങ്ങനെയുള്ള ഇംഗ്ലീഷ് അക്ഷരങ്ങൾക്കൊപ്പം ബസുകളുടെ കാലപ്പഴക്കത്തിന് അനുസരിച്ച് 1 മുതലുള്ള നമ്പരുകളും നൽകും.

ഇനി മുതൽ നിലവിൽ രേഖപ്പെടുത്തിയിരുന്ന ഡിപ്പോ കോഡ് രേഖപ്പെടുത്തില്ല. ജൻറം ബസുകളിൽ JN സീരിയലിൽ ഉള്ള ബോണറ്റ് നമ്പരുകൾ വലത് വശത്തും, സിറ്റി സർക്കുലർ (CC), സിറ്റി ഷട്ടിൽ (CS) എന്നീ അക്ഷരങ്ങൾ ഇടത് വശത്തും പതിക്കുകയും ചെയ്യും.

കെഎസ്ആർടിസി ജില്ലാ പൂളിലേക്ക് ബസ് കൊണ്ടുവരികയും മൂന്ന് മാസം മുതൽ ആറ് മാസം വരെ പ്രിവന്റീവ് മെയിന്റിനൻസ് ചെയ്യുന്നതിന്റെ ഭാഗമായി ഓരോ ഡിപ്പോയിൽ നിന്നും ബസുകൾ ജില്ലാ പൂളിലേക്ക് പിൻവലിക്കുകയും ചെയ്യും. സർവ്വീസിന് വേണ്ടി പകരം ബസുകൾ ജില്ലാ പൂളിൽ നിന്ന് കൊടുക്കും. ഏതെങ്കിലും ഡിപ്പോയിൽ ഡ്രൈവർമാർക്കോ യാത്രക്കാർക്കോ താൽപര്യമുള്ള ബസുകൾ, മറ്റുള്ള സ്ഥാപനങ്ങൾ സ്‌പോൺസർ ചെയ്തിട്ടുള്ള ബസുകൾ, ബസ് ഓൺ ഡിമാന്റ്, ടൂറിസം എന്നിവയ്ക്ക് ഉപയോഗിക്കുന്ന ബസുകൾ എന്നിവ അതാത് ഡിപ്പോകളിൽ തന്നെ നിലനിർത്തും. അല്ലാതെയുള്ള ബസുകളുടെ സാധാരണ നമ്പരുകൾ ഒഴിവാക്കി ജില്ലാ പൂളിന്റെ ഭാഗമാക്കും. ഈ ബസുകളുടെ മെയിന്റിനൻസ് കഴിഞ്ഞാൽ തിരികെ ഡിപ്പോകൾക്ക് നൽകുകയും ചെയ്യും. ബ്രേക്ക് ഡൗൺ സമയത്തും, തിരക്കുള്ള സമയങ്ങളിലും ജില്ലാ പൂളിൽ നിന്നും ഈ ബസുകൾ സർവ്വീസിനായി നൽകും.