ടൊവിനോ തോമസ് ചിത്രം ‘കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്’ ഒടിടി റിലീസിനൊരുങ്ങുന്നു. ഓണ്‍ലൈന്‍ റിലീസ് ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍മ്മാതാവ് ആന്റോ ജോസഫ് വിവിധ സിനിമാസംഘടനകള്‍ക്ക് കത്ത് നല്‍കി. കോവിഡ് ലോക്ഡൗണിനിടെ ചിത്രത്തിന്റെ വ്യാജ പതിപ്പ് ഓണ്‍ലൈന്‍ ചോര്‍ന്നിരുന്നു.
ഇതിനെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് അന്വേഷണവും ആരംഭിച്ചിരുന്നു. ചിത്രം ഓണം റിലീസായി എത്തിക്കാനാണ് ശ്രമം. വീണ്ടും വ്യാജ പതിപ്പ് പുറത്തിറങ്ങും എന്ന ആശങ്കയിലാണ് ഒടിടി റിലീസിന് ഒരുങ്ങുന്നതെന്ന് നിര്‍മ്മാതാവ് അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഓണം റിലീസായി ചിത്രം എത്തിക്കാനാണ് ശ്രമമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
യാത്രയില്‍ ഇല്ലാതാവുന്ന ദൂരങ്ങള്‍ എന്ന ടാഗ് ലൈനോടുകൂടിയെത്തുന്ന ചിത്രം ഒരു റോഡ് മൂവിയാണ്. ബുള്ളറ്റില്‍ ഇന്ത്യ മുഴുവനും ചുറ്റി സഞ്ചരിക്കണമെന്ന മോഹവുമായി അമേരിക്കയില്‍ നിന്ന് എത്തുന്ന കാതറിന്‍ എന്ന വിദേശ വനിതയുടെ കഥയാണ് കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ്. കാതറിനായി ഇന്ത്യ ജാര്‍വിനാണ് വേഷമിടുന്നത്. കാതറിനെ സഹായിക്കാനെത്തുന്ന ജോസ് മോന്‍ എന്ന കഥാപാത്രമാണ് ടോവിനോയുടേത്.
ജിയോ ബേബിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സിദ്ധാര്‍ത്ഥ് ശിവ, ജോജു ജോര്‍ജ്ജ്, ബേസില്‍ ജോസഫ്, സുധീഷ് രാഘവന്‍, മാലാ പാര്‍വ്വതി, മുത്തുമണി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനു സിദ്ധാര്‍ത്ഥ് ഛായാഗ്രഹണവും സൂരജ് എസ് കുറുപ്പ് സംഗീതവും നിര്‍വ്വഹിച്ചിരിക്കുന്നു. സുഷിന്‍ ശ്യാമാണ് പശ്ചാത്തല സംഗീതം.