റിട്ട. വ്യോമസേനാ ഉദ്യോഗസ്ഥനും ഭാര്യയും കൊല്ലപ്പെട്ട നിലയിൽ; വീട്ടുജോലിക്കാരനെ കാണാനില്ല

ബംഗളൂരുവിൽ റിട്ട. വ്യോമസേനാ ഉദ്യോഗസ്ഥനെയും ഭാര്യയെയും വില്ലയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ചെന്നൈ സ്വദേശി രഘുരാജൻ(70), ഭാര്യ ആശ(63) എന്നിവരാണ് ബിദദിയിലെ ഈഗിൾടൺ റിസോർട്ടിലെ വില്ലയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇവരുടെ ജോലിക്കാരനായ ജോഗീന്ദർ സിംഗാണ് കൃത്യം നടത്തിയതെന്നാണ് സൂചന. ഇയാൾ ഒളിവിലാണ്

ദമ്പതികളുടെ രണ്ട് ആൺമക്കൾ ഡൽഹിയിലാണ് ജോലി ചെയ്യുന്നത്. ഇവർ കഴിഞ്ഞ ദിവസം ഫോൺ ചെയ്തിട്ടും മാതാപിതാക്കളെ കിട്ടിയില്ല. തുടർന്ന് വില്ലയിലെ സുരക്ഷാ ജീവനക്കാരുമായി ബന്ധപ്പെടുകയായിരുന്നു. ഇവർ ചെന്നപ്പോൾ ജോഗിന്ദർ സിംഗിനെയാണ് കണ്ടത്. രഘുരാജനും ആശയും ബംഗളൂരുവിലേക്ക് പോയതാണെന്ന് ഇയാൾ പറഞ്ഞു

സുരക്ഷാ ജീവനക്കാർ തിരികെ എത്തി മക്കളോട് ഈ വിവരം അറിയിച്ചു. എന്നാൽ ഇത് വിശ്വസിക്കാനാകില്ലെന്നും വില്ലയിൽ കയറി പരിശോധിക്കാനും ആവശ്യപ്പെട്ടു. തിരികെ ഇവർ വില്ലയിൽ എത്തുമ്പോഴേക്കും ജോഗിന്ദർ സ്ഥലത്ത് നിന്ന് കടന്നിരുന്നു. രക്തത്തിൽ കുളിച്ച നിലയിലാണ് ദമ്പതിമാരുടെ മൃതദേഹങ്ങൾ കണ്ടത്.