ആരോഗ്യനില വീണ്ടെടുത്തു; വാവ സുരേഷിനെ ഇന്ന് ഡിസ്ചാർജ് ചെയ്യും

 

പാമ്പുകടിയേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിനെ ഇന്ന് ഡിസ്ചാർജ് ചെയ്യും. വാവ സുരേഷിന്റെ ആരോഗ്യനില പഴയരീതിയിലേക്ക് തിരികെ എത്തിയതായി ഡോക്ടർമാർ അറിയിച്ചു. അണുബാധക്ക് സാധ്യതയുള്ളതിനാൽ വീട്ടിലെത്തിയാലും സൂക്ഷിക്കണമെന്നും സന്ദർശകരെ ഒഴിവാക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്

പാമ്പുകടിയേറ്റ സ്ഥലത്തെ മുറിവ് ഉണങ്ങിവരുന്നുണ്ട്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കോട്ടയം കുറിച്ചിയിൽ വെച്ച് മൂർഖന്റെ കടിയേൽക്കുന്നത്. ഗുരുതരാവസ്ഥയിലായ വാവ സുരേഷിനെ ആദ്യം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.