ശിവശങ്കര്‍ തന്നെ ചൂഷണം ചെയ്തു; താന്‍ ഇര: വെളിപ്പെടുത്തലുമായി സ്വപ്‌ന സുരേഷ്

 

തിരുവനന്തപുരം: എം ശിവശങ്കറിനെതിരെ വെളിപ്പെടുത്തലുകളുമായി സ്വപ്‌ന സുരേഷ്. ശിവശങ്കര്‍ തന്നെ ചൂഷണം ചെയ്‌തെന്നും താന്‍ ഇരയാണെന്നും സ്വപ്ന പറഞ്ഞു. ജോലി ലഭിക്കാന്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ല. ശിവശങ്കറാണ് തനിക്ക് ഐ ടി വകുപ്പില്‍ ജോലി വാങ്ങിത്തന്നതെന്നും സ്വപ്ന ടി വി ചാനലുകൾക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

തന്റെ കഴിവും യു എ ഇ ബന്ധങ്ങളും കണ്ടാണ് ജോലിക്ക് ശിപാര്‍ശ ചെയ്തത്. ബയോഡാറ്റ നല്‍കിയതും ശിവശങ്കറിന്റെ നിര്‍ദേശ പ്രകാരമാണ്. അദ്ദേഹത്തിന്റെ പുസ്തകത്തില്‍ തന്റെ വ്യക്തിത്വത്തെ ചോദ്യം ചെയ്‌തെങ്കില്‍ അത് മോശമാണ്. കോണ്‍സുലേറ്റിലെ ജോലി രാജിവച്ചത് ശിവശങ്കര്‍ പറഞ്ഞ പ്രകാരമാണെന്നും സ്വപ്ന പറഞ്ഞു.

ശിവശങ്കര്‍ തന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. ഐ ഫോണ്‍ മാത്രമല്ല, അദ്ദേഹത്തിന് പല സമ്മാനങ്ങളും നല്‍കിയിട്ടുണ്ട്. ഐ ഫോണ്‍ നല്‍കി ശിവശങ്കറിനെ ചതിക്കേണ്ട കാര്യം തനിക്കില്ലെന്നും സ്വപ്ന വ്യക്തമാക്കി.

‘അശ്വത്ഥാമാവ് വെറുമൊരു ആന’ എന്ന ശിവശങ്കറിന്റെ പുസ്തകം നാളെ പുറത്തിറങ്ങാനിരിക്കെ, അതിലെ വെളിപ്പെടുത്തലുകള്‍ സംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സ്വപ്ന.