മാനനഷ്ടക്കേസ്: അപ്പീൽ പോകുകയെന്നത് വി എസിന്റെ അവകാശമാണെന്ന് ഉമ്മൻ ചാണ്ടി

 

മാനനഷ്ടക്കേസിലെ വിധിക്കെതിരെ അപ്പീൽ പോകുകയെന്നത് വി എസ് അച്യുതാനന്ദന്റെ അവകാശമാണെന്ന് ഉമ്മൻ ചാണ്ടി. വി എസിനെതിരായ മാനനഷ്ടക്കേസിൽ ഉൾപ്പെടെ സോളാർ കേസിൽ വന്ന വിധികളെല്ലാം തനിക്ക് അനുകൂലമാണ്. സോളാർ കേസിൽ മൂന്ന് കമ്മീഷൻ റിപ്പോർട്ടിലും കുറ്റക്കാരൻ എന്ന പരാമർശമില്ല. തെറ്റ് ചെയ്തിട്ടില്ല എങ്കിൽ ഒരു കുഴപ്പവും വരില്ലെന്ന വിശ്വാസമാണ് തനിക്കുള്ളത്.

സോളാർ കേസിൽ അഴിമതി നടത്തിയെന്ന വി എസിന്റെ പ്രസ്താവനക്കെതിരെയാണ് ഉമ്മൻ ചാണ്ടി മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. തിരുവനന്തപുരം സബ് കോടതി ഉമ്മൻ ചാണ്ടിക്ക് അനുകൂലമായി വിധി പുറപ്പെടുവിക്കുകയും ചെയ്തു. കേസിൽ അപ്പീൽ പോകുമെന്ന് വി എസ് അറിയിച്ചിരുന്നു.