ഡോ. വെങ്കിട്ടരാമന്‍ അനന്ത നാഗേശ്വരന്‍ മുഖ്യ സാമ്പത്തിക ഉപദേശ്ടാവ്

 

ന്യൂഡല്‍ഹി: ക്രഡിറ്റ് സ്യുസ് ഗ്രൂപ്പ് എജിയുടെയും ജൂലിയസ് ബെയര്‍ ഗ്രൂപ്പിന്റെയും അക്കാദമികനും മുന്‍ എക്‌സിക്യൂട്ടീവുമായ ഡോ വെങ്കിട്ടരാമന്‍ അനന്ത നാഗേശ്വരനെ ഇന്ത്യാ ഗവണ്‍മെന്റിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് (സിഇഎ) ആയി നിയമിച്ചു. മുന്‍ സിഇഎ കെ വി സുബ്രഹ്മണ്യന്‍ വിരമിച്ച ഒഴിവിലാണ് നിയമനം.

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ വീണ്ടെടുക്കലിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്ന സമയത്താണ് വെങ്കിട്ടരാമന്‍ സിഇഒ പദവിയില്‍ എത്തുന്നത്. അതേസമയം, കോവിഡ് മഹാമാരിയുടെ മൂന്നാം തരംഗത്തിന്റെ ആഘാതം അദ്ദേഹത്തിന് വെല്ലുവിളിയാകും. തൊഴിലില്ലായ്മ, വരുമാന അസമത്വം തുടങ്ങിയ വെല്ലുവിളികളും അദ്ദേഹത്തിന് മുന്നിലുണ്ട്. വളര്‍ച്ച, നിക്ഷേപം, ധനക്കമ്മി പരിമിതപ്പെടുത്തല്‍ എന്നിവയ്ക്ക് പുത്തന്‍ ആശയങ്ങള്‍ നല്‍കുകയെന്നത് പുതിയ സിഇഎയുടെ ഉത്തരവാദിയായിരിക്കും.

ബജറ്റിന് മുന്നോടിയായി പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന സമ്പദ്‌വ്യവസ്ഥയുടെ വാര്‍ഷിക റിപ്പോര്‍ട്ട് കാര്‍ഡായ സാമ്പത്തിക സര്‍വേയുടെ മുഖ്യ രചയിതാവെന്ന നിലയിലും ധനമന്ത്രിയുമായി പ്രധാന നയ കാര്യങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ അദ്ദേഹത്തിന് പങ്കുവെക്കേണ്ടതുണ്ട്.

ഡോ വെങ്കിട്ടരാമന്‍ അനന്ത നാഗേശ്വരന്‍ പ്രാഥമികമായി അക്കാദമിക് മേഖലയില്‍ നിന്നുള്ള സാമ്പത്തിക വിദഗ്ധനാണ്. 1985ല്‍ അഹമ്മദാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ (ഐഐഎം) മാനേജ്‌മെന്റില്‍ ബിരുദാനന്തര ഡിപ്ലോമ (എംബിഎ) നേടി. പിന്നീട് 1994ല്‍ മസാച്യുസെറ്റ്‌സ് ആംഹെര്‍സ്റ്റ് സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറല്‍ ബിരുദം നേടി.

1994 നും 2011 നും ഇടയില്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെയും സിംഗപ്പൂരിലെയും നിരവധി സ്വകാര്യ വെല്‍ത്ത് മാനേജ്‌മെന്റ് സ്ഥാപനങ്ങള്‍ക്കായി മാക്രോഇക്കണോമിക്, ക്യാപിറ്റല്‍ മാര്‍ക്കറ്റ് ഗവേഷണത്തില്‍ അദ്ദേഹം നിരവധി നേതൃപരമായ റോളുകള്‍ വഹിച്ചിട്ടുണ്ട്.