നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിൽ പ്രതികളുടെ അറസ്റ്റ് ഇന്ന് വരെ കോടതി തടഞ്ഞിരുന്നു. മൂന്ന് ദിവസം ദിലീപിനെയും പ്രതികളെയും ചോദ്യം ചെയ്യാനും കോടതി അനുമതി നൽകിയിരുന്നു
ചോദ്യം ചെയ്തതിന്റെ റിപ്പോർട്ടും രേഖകളും അന്വേഷണ സംഘം കോടതിക്ക് മുന്നിൽ സമർപ്പിക്കും. മുദ്രവെച്ച കവറിലാണ് റിപ്പോർട്ട് നൽകുക. പ്രതികളെ കസറ്റഡിയിൽ ചോദ്യം ചെയ്യണമെന്നും മുൻകൂർ ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെടും. മൂന്ന് ദിവസങ്ങളിലായി 33 മണിക്കൂർ നേരം പ്രതികളെ ചോദ്യം ചെയ്തിരുന്നു
ദിലീപ് അടക്കമുള്ള പ്രതികൾ മൊബൈൽ ഫോണുകൾ ഒളിപ്പിച്ചതായും ഇത് കണ്ടെത്താൻ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമാണ് അന്വേഷണ സംഘം പറയുന്നത്. തെളിവ് നശിപ്പിക്കാനാണ് പ്രതികൾ ഫോണുകൾ മാറ്റിയതെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.