രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണത്തിൽ കോൺഗ്രസിൽ സൈബർയുദ്ധം അവസാനിക്കുന്നില്ല. രാഹുലിനെ രാവണനോട് ഉപമിച്ച് യൂത്ത് കോൺഗ്രസ് മുൻ ഭാരവാഹിയും കോൺഗ്രസ് ഡിജിറ്റൽ മീഡിയാ സെൽ അംഗവുമായ താരാ ടോജോ അലക്സ് രംഗത്ത്. എത്രയലക്കി വെളുപ്പിച്ചാലും എത്ര കഥകൾ പാടിപ്പുകഴ്ത്തിയാലും എത്ര മാരീചവേഷങ്ങളെ ഇറക്കി കാടിളക്കിയാലും രാവണൻ ക്രൂരനായ സ്ത്രീലമ്പടനാണന്ന സത്യം രാമായണം വായിച്ചവർക്കും കേട്ടവർക്കും അറിയാമെന്നായിരുന്നു താരാ ടോജോ അലക്സ് ഫേസ്ബുക്കിൽ കുറിച്ചത്.
അടക്കി ഭരിച്ച ലങ്കയും നേടിയ ക്ഷണിക സിംഹാസനങ്ങളും നഷ്ടമായത് ഒരു സീതയോട് തോന്നിയ അതിരുവിട്ട അഭിനിവേശം കൊണ്ടല്ലല്ലോ. ഉപകഥകളിലൊക്കെ രാവണന്റെ ലമ്പടത്തം കൊണ്ട് കരഞ്ഞ സ്ത്രീകളുടെ തേങ്ങലുണ്ടായിരുന്നല്ലോ.? അതൊക്കെ തന്റെ രാജസ ഗുണമെന്ന് അഹങ്കരിച്ച് ആരേയും ഗൗനിക്കാതിരുന്ന രാവണന് പിഴച്ചത് എവിടെയാണന്ന് അരിയും ഗോതമ്പും കഴിക്കുന്ന മനുഷ്യരായി പിറന്നവർക്ക് മനസ്സിലാകും. കാശ്മീർ മുതൽ കന്യാകുമാരി വരെയുള്ള സകല സ്ത്രീകളുടെയും ഇൻബോക്സുകളിൽ പോയി പഞ്ചാര വർത്തമാനം പറയുകയും അതിൽ വീണു പോയവരുടെ മേൽ കടന്നു കയറ്റങ്ങൾ നടത്തുകയും ചെയ്ത ഒരുത്തനെ പറ്റി ഇടതടവില്ലാതെ പരാതികളും ആരോപണങ്ങളും ഉയർന്ന ആദ്യ ദിവസം മുതൽ അയാൾക്കെതിരെ പരസ്യമായി നിലപാടെടുക്കുകയും അത് കൃത്യമായി നേതൃത്വത്തെ അറിയിക്കുകയും, അതിൽ ഇന്നും അടിയുറച്ചു നിൽക്കുകയും ചെയ്യുന്നതിൽ അഭിമാനം മാത്രം.
എല്ലാ വ്യക്തികൾക്കും മേലെയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന പ്രസ്ഥാനമെന്നും, ഇത്തരം പുഴുക്കുത്തുകളെ ആയിരം കിലോമീറ്റർ അകലെ അകറ്റി നിർത്തപ്പെടേണ്ടതാണ് എന്നതാണ് അന്നും ഇന്നും എന്നേക്കും തന്റെ നിലപാട്. അതിൽ അഭിമാനം മാത്രമാണെന്നും താരാ ടോജോ അലക്സ് പറഞ്ഞു.
അതേസമയം, തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്ന് രാഹുൽ മാങ്കൂട്ടത്തിൽ നേതൃത്വത്തെ അറിയിച്ചു.
നേതൃത്വവുമായുള്ള ആശയ വിനിമയത്തിലാണ് ഇക്കാര്യം അറിയിച്ചത്. ആരോപണങ്ങൾക്ക് രാഹുൽ തന്നെ മറുപടി പറയട്ടെ എന്ന നിലപാടിലാണ് കോൺഗ്രസ് നേതൃത്വം.