സംസ്ഥാനത്ത് സ്‌കൂളുകളിൽ കൊവിഡ് വാക്‌സിനേഷന് ഇന്ന് തുടക്കം

 

സംസ്ഥാനത്തെ സ്‌കൂളുകളിൽ കൊവിഡ് വാക്‌സിനേഷന് ഇന്ന് തുടക്കമാകും. വിദ്യാഭ്യാസ വകുപ്പിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിലാണ് ഒരുക്കങ്ങൾ. 500ൽ കൂടുതൽ ഗുണഭോക്താക്കളുള്ള സ്‌കൂളുകളെ സെഷൻ സൈറ്റുകളായി തെരഞ്ഞെടുത്താണ് വാക്‌സിനേഷൻ. സ്‌കൂളുകളിൽ തയ്യാറാക്കിയ വാക്‌സിനേഷൻ സെഷനുകൾ അടുത്തുള്ള സർക്കാർ കൊവിഡ് വാക്‌സിനേഷൻ കേന്ദ്രങ്ങളുമായി ബന്ധിപ്പിച്ചിട്ടുണ്ട്.

ഇന്ന് പ്രതിരോധ കുത്തിവെപ്പ് ദിനമായതിനാൽ പകുതിയോളം സെഷനുകളിൽ മാത്രമേ കൊവിഡ് വാക്‌സിൻ നൽകൂ. രക്ഷിതാക്കളുടെ സമ്മതത്തോടെയായിരിക്കും വാക്‌സിൻ നൽകുക. അധ്യാപകരുമായി ബന്ധപ്പെട്ടാണ് രജിസ്‌ട്രേഷൻ പൂർത്തിയാക്കേണ്ടത്. ആധാറോ, സ്‌കൂൾ ഐഡി കാർഡോ വാക്‌സിനെടുക്കാനായി കരുതണം. രാവിലെ 9 മണി മുതൽ വൈകുന്നേരം മൂന്ന് മണി വരെയാണ് വാക്‌സിനേഷൻ ടൈം.