ഡൽഹിയിലെ കോവിഡ് കേസുകളിൽ വൻ വർദ്ധനവ്

 

ഡൽഹിയിലെ കോവിഡ് കേസുകളിൽ വൻ വർദ്ധനവ് രേഖപ്പെടുത്തി. യെല്ലോ അലേർട്ട് പ്രഖ്യാപിച്ചതിനെ തുടർന്ന് രാജ്യ തലസ്ഥാനത്ത് നിയന്ത്രണങ്ങൾ ശക്തമാക്കിയിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഡൽഹിയിൽ 496 പുതിയ കേസുകളും ഒരു മരണവും രേഖപ്പെടുത്തി. ജൂൺ 2 ന് ശേഷമുള്ള ഏറ്റവും വലിയ വർദ്ധനവാണിത്. പുതിയ കേസുകളിൽ 142 കേസുകൾ ഒമിക്രോണാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്നലെ ഡൽഹിയിൽ 331 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മാർച്ച്-ഏപ്രിൽ മാസങ്ങളിലെ രണ്ടാം തരംഗത്തെ അപേക്ഷിച്ച് ഇത്തവണ കോവിഡിന്റെ പ്രതിദിന ശരാശരി വർദ്ധനവ് 21 ശതമാനത്തിലെത്തിയെന്ന് രേഖകൾ വ്യക്തമാക്കുന്നു. ‘മാർക്കറ്റുകളിലും മാളുകളിലും തിരക്ക് കാണുമ്പോൾ ഞങ്ങൾ നിരാശരാണ്. ഇത് തുടർന്നാൽ കമ്പോളങ്ങൾ അടച്ചുപൂട്ടും, ഞങ്ങളാരും അത് ആഗ്രഹിക്കുന്നില്ല, നിങ്ങൾ രോഗബാധിതരാകാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല, നിയന്ത്രണങ്ങൾ നിങ്ങൾക്കായി അടിച്ചേൽപ്പിക്കുന്നു, നിങ്ങളെല്ലാവരും നിയന്ത്രണങ്ങളിൽ മടുത്തു എന്നെനിക്കറിയാം മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു.

പുതിയ നിയന്ത്രണങ്ങൾ പ്രകാരം, സ്‌കൂളുകൾ, കോളേജുകൾ, സിനിമാ ഹാളുകൾ, ജിമ്മുകൾ എന്നിവ ഡെൽഹിയിൽ അടച്ചിടും. 50 ശതമാനം സീറ്റ് കപ്പാസിറ്റിയിലായിരിക്കും ഡൽഹി മെട്രോ പ്രവർത്തിക്കുക. രാത്രി 10 മണിക്കും പുലർച്ചെ 5 മണിക്കും ഇടയിലുള്ള രാത്രി കർഫ്യൂ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.