ഒമിക്രോൺ; പ്രതിരോധിക്കാൻ പ്രാദേശിക നിയന്ത്രണങ്ങളാവാമെന്ന്​ കേന്ദ്രം

 

രാജ്യത്ത്​ ഒമിക്രോൺ കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ, ഉത്സവ സീസണിന് മുന്നോടിയായി പ്രാദേശിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് പരിഗണിക്കാൻ സംസ്​ഥാനങ്ങൾക്ക്​ കേന്ദ്ര നിർദേശം. കോവിഡ് വ്യാപനം കൂടുതലായ പ്രദേശങ്ങള്‍ കണ്ടെയി​ൻമെന്‍റ്​, ബഫര്‍ സോണുകളായി പ്രഖ്യാപിക്കാമെന്നും ആവശ്യമെങ്കില്‍ രാത്രി കര്‍ഫ്യൂ ഏർപ്പെടുത്താമെന്നും കേന്ദ്രം അറിയിച്ചു.

ആഘോഷദിനങ്ങളോട് അനുബന്ധിച്ചുള്ള ഒത്തുചേരലുകള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തുക, കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക, രോഗവ്യാപനം കൂടുതലുള്ള പ്രദേശങ്ങളില്‍ നിന്നും സാമ്പിളുകൾ ജനിതക ശ്രേണീകരണ പരിശോധനക്ക്​ അയക്കുക തുടങ്ങിയ മാർഗനിർദേശങ്ങളും കേന്ദ്രം സംസ്​ഥാനങ്ങൾക്ക്​ നൽകി.​ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലാണ്​ വ്യാഴാഴ്​ച അവലോകന യോഗം ചേർന്നത്​.