വിജയ് ഹസാരെ ട്രോഫി: കർണാടകയെ തകർത്ത് തമിഴ്‌നാട് സെമിയിൽ

വിജയ് ഹസാരെ ട്രോഫി ടൂർണമെന്റിൽ തമിഴ്‌നാട് സെമി ഫൈനലിൽ പ്രവേശിച്ചു. ക്വാർട്ടർ ഫൈനലിൽ കർണാടകയെ 151 റൺസിന് തകർത്താണ് തമിഴ്‌നാട് സെമിയിൽ കടന്നത്. ആദ്യം ബാറ്റ് ചെയ്ത കർണാടക നിശ്ചിത 50 ഓവറിൽ 354 റൺസ് അടിച്ചുകൂട്ടി. മറുപടി ബാറ്റിംഗിൽ കർണാടക 39 ഓവറിൽ 203 റൺസിന് ഓൾ ഔട്ടാകുകയായിരുന്നു

ടോസ് നേടിയ കർണാടക തമിഴ്‌നാടിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. അവരുടെ തീരുമാനം ശരിവെക്കും വിധം സ്‌കോർ 24ൽ നിൽക്കെ തമിഴ്‌നാടിന് ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടു. എന്നാൽ പിന്നീട് തമിഴ്‌നാടിന്റെ തേരോട്ടത്തിനാണ് ജയ്പൂർ സ്റ്റേഡിയം സാക്ഷിയായത്. രണ്ടാം വിക്കറ്റിൽ നാരായൺ ജഗദീശനും രവിശ്രീനിവാസൻ സായ് കിഷോറും ചേർന്ന് സ്‌കോർ 171 വരെ എത്തിച്ചു. സായ് കിഷോർ 61 റൺസെടുത്ത് പുറത്തായി

 

നാരായൺ ജഗദീശൻ 101 പന്തിൽ ഒരു സിക്‌സും ഒമ്പത് ഫോറും സഹിതം 102 റൺസെടുത്തു. ദിനേശ് കാർത്തിക്ക് 44 റൺസും ബാബാ ഇന്ദ്രജിത്ത് 31 റൺസുമെടുത്തു. അവസാന ഓവറുകളിൽ കത്തിക്കയറിയ ഷാരൂഖ് ഖാനാണ് തമിഴ്‌നാടിന്റെ സ്‌കോർ 350 കടത്തിയത്. കേവലം 39 പന്തിൽ ആറ് സിക്‌സും ഏഴ് ഫോറും സഹിതം ഷാരുഖ് 79 റൺസുമായി പുറത്താകാതെ നിന്നു. എട്ട് വിക്കറ്റ് നഷ്ടത്തിലാണ് തമിഴ്‌നാട് 354 റൺസ് എടുത്തത്.

തകർച്ചയോടെയായിരുന്നു കർണാടകയുടെ മറുപടി ബാറ്റിംഗ്. സ്‌കോർ ബോർഡ് തുറക്കും മുമ്പേ അവർക്ക് ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടു. പിന്നീട് കൃത്യമായ ഇടവേളകളിൽ തമിഴ്‌നാട് ബൗളർമാർ വിക്കറ്റുകൾ വീഴ്ത്തിക്കൊണ്ടിരുന്നു. 43 റൺസെടുത്ത ശ്രീനിവാസ് ശരത്താണ് അവരുടെ ടോപ് സ്‌കോറർ. രോഹൻ കദം 24 റൺസും കൃഷ്ണമൂർത്തി സിദ്ധാർഥ് 29 റൺസും അഭിനവ് മനോഹർ 34 റൺസുമെടുത്തു

തമിഴ്‌നാടിന് വേണ്ടി രഘുപതി സിലമ്പരസൻ നാല് വിക്കറ്റുകൾ വീഴ്ത്തി. വാഷിംഗ്ടൺ സുന്ദർ മൂന്നും സന്ദീപ് വാര്യർ, സായ് കിഷോർ മണിമാരൻ സിദ്ധാർഥ് എന്നിവർ ഓരോ വിക്കറ്റെടുത്തു.