ഒമിക്രോൺ; കോംഗോയിൽ നിന്ന് വന്നയാളുടെ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള രണ്ട് പേർക്ക് നെഗറ്റീവ്

സംസ്ഥാനത്ത് ഒമിക്രോൺ സ്ഥിരീകരിച്ചയാളുടെ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള രണ്ട് പേർക്ക് നെഗറ്റീവ്. കോംഗോയിൽ നിന്ന് വന്നയാളുടെ സഹോദരനും എയർപോർട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോയ ആൾക്കുമാണ് നെഗറ്റീവ് ആയത്. രണ്ട് പേരും ഏഴ് ദിവസം വരെ കർശന നിരീക്ഷണത്തിൽ ആയിരിക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

ആദ്യം ഒമിക്രോൺ സ്ഥിരീകരിച്ച എറണാകുളം സ്വദേശിയുടെ ഭാര്യ,ഭാര്യാ മാതാവ്, കോംഗോയിൽ നിന്നുവന്ന എറണാകുളം സ്വദേശി,യു കെയിൽ നിന്നുവന്ന തിരുവനന്തപുരം സ്വദേശിക്കുമാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തിൽ ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി.

അതേസമയം, സംസ്ഥാനത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ നിരീക്ഷണം ശക്തമാക്കി സര്‍ക്കാര്‍. പ്രത്യേക വാക്സിനേഷന്‍ യജ്ഞം തുടങ്ങാനും ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. എറണാകുളത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ച ആളുടെ സമ്പര്‍ക്ക പട്ടിക യിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

എറണാകുളം സ്വദേശിയായ ഇയാള്‍ ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ നിന്നാണ് നാട്ടിലെത്തിയത്. കേന്ദ്രമാര്‍ഗ നിര്‍ദേശമനുസരിച്ച് സ്വയം നിരീക്ഷണത്തിലായിരുന്നു. എന്നാല്‍ ഇയാള്‍ ഷോപ്പിങ് മാളുകളിലും റെസ്റ്റോറന്റുകളിലും സന്ദര്‍ശനം നടത്തി. സമ്പര്‍ക്ക പട്ടികയും വലുതാണ്. ഇയാളുമായി ബന്ധപ്പെട്ടവരുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കുകയാണ് ആരോഗ്യവകുപ്പ്.

ഹൈറിസ്ക് രാജ്യങ്ങളില്‍ നിന്ന് വരുന്നവരുടെ സമ്പിളുകള്‍ ജനിതകശ്രേണി പരിശോനയ്ക്ക് അയ്ക്കും. നാളെയും മറ്റന്നാളും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം സംഘടിപ്പിക്കാനും തീരുമാനിച്ചു. വിദേശത്തുനിന്ന് എത്തിയ 54 പേരുടെ സാമ്പിളുകളാണ് ജനിതക പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 44 പേരുടെ പരിശോധനാ ഫലം ലഭ്യമായി. അതില്‍ 39 പേര്‍ക്ക് ഡെല്‍റ്റയും അഞ്ച് പേര്‍ക്ക് ഒമിക്രോണും സ്ഥിരീകരിച്ചു. എല്ലാ ജില്ലകളിലും ഐസോലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കിയിട്ടുണ്ട്.