മുല്ലപ്പെരിയാർ: സംയുക്ത സമിതി രൂപീകരിക്കണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രീം കോടതി തള്ളി

മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് വെള്ളം തുറന്നുവിടുന്നത് തീരുമാനിക്കാൻ സംയുക്ത സമിതി രൂപീകരിക്കണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. അണക്കെട്ടിലെ ജലം തുറന്നുവിടുന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ ആദ്യം മേൽനോട്ട സമിതിയെ സമീപിക്കാൻ കോടതി നിർദേശിച്ചു.

രാഷ്ട്രീയം കോടതിയിൽ വേണ്ടെന്ന് കേരളത്തിന്റെ അഭിഭാഷകനോട് കോടതി പറഞ്ഞു. വെള്ളം തുറന്നുവിടുന്നത് അടക്കമുള്ള വിഷയങ്ങൾ പരിഗണിക്കാൻ മേൽനോട്ട സമിതിയുണ്ടെന്ന് ജസ്റ്റിസ് എഎം ഖാൻവിൽക്കറും ജസ്റ്റിസ് സി ടി രവികുമാറും അടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. പരാതികൾ ഉന്നയിച്ചാലും മേൽനോട്ട സമിതി നടപടിയെടുക്കുന്നില്ലെന്ന് കേരളത്തിന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. എന്നാൽ മേൽനോട്ട സമിതിയിൽ കേരളത്തിന്റെ പ്രതിനിധിയുമുണ്ടല്ലോയെന്ന് കോടതി ചോദിച്ചു

മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിന് പകരം സ്വന്തം പ്രതിനിധിയെ കുറ്റപ്പെടുത്തുവെന്ന് കോടതി പറഞ്ഞു. പരാതികൾ ലഭിച്ചാൽ അടിയന്തരമായി അതിൽ തീരുമാനമെടുക്കാൻ മേൽനോട്ട സമിതിയോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. മുല്ലപ്പെരിയാർ വിഷയത്തിൽ നിരന്തരം അപേക്ഷകൾ ഫയൽ ചെയ്യുന്നതിനെയും സുപ്രീം കോടതി വിമർശിച്ചു.