കോട്ടയത്ത് ഭർത്താവിനെ വെട്ടിക്കൊന്ന് വീടുവിട്ട ഭാര്യ പിടിയിൽ; പിടികൂടിയത് മണർകാട് പള്ളി പരിസരത്തുനിന്നും

കോട്ടയം: ഒരു ദിവസം മുഴുവൻ നീണ്ടു നിന്ന തെരച്ചിലിനൊടുവിലാണ് പുതുപ്പള്ളിയിൽ ഭർത്താവിനെ വെട്ടിക്കൊന്ന ഭാര്യയെ പൊലീസ് പിടികൂടിയത്. കോട്ടയം ഈസ്റ്റ് പോലീസിന്റെ  നേതൃത്വത്തിൽ ആണ് റോസന്നയെ കസ്റ്റഡിയിലെടുത്തത്. വൈകുന്നേരത്തോടെ കോട്ടയം മണർകാട് പള്ളി പരിസരത്ത് നിന്നും ആണ് റോസന്നയെ പോലീസ് കസ്റ്റഡിയിലെടുത്തത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് നിർണായകമായ അറസ്റ്റ് ഉണ്ടായത്. ഇന്ന് പുലർച്ചെയാണ്  ഭർത്താവ് സിജിയെ ഇവർ വീട്ടിനുള്ളിൽ വച്ച് വെട്ടിക്കൊന്ന ശേഷംആറു വയസ്സുള്ള മകനുമായി വീടുവിട്ടത്.

സംഭവം അറിഞ്ഞ ഉടൻ തന്നെ സ്ഥലത്തെത്തിയ പോലീസ് ഇവരെ തിരയുകയായിരുന്നു. പുതുപ്പള്ളി വഴി മകനുമൊത്ത് നടന്നു പോകുന്ന ഇവരുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അതിനിടെ ഇവർ കോട്ടയം ടൗണിൽ എത്തിയതായി പോലീസിന് വിവരം ലഭിച്ചിരുന്നു. റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഇവർ ഉണ്ടെന്ന് വിവരവും പൊലീസിന് ലഭിച്ചിരുന്നു. എന്നാൽ ഇവിടെ നിന്നും റോസന്നയെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. ഇതിനുപിന്നാലെ വൈകുന്നേരം ലഭിച്ച വിവരപ്രകാരം മണർകാട് പള്ളി പരിസരത്ത് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.