ഡൽഹി അസംബ്ലി പരിസരത്ത് വധശിക്ഷാ മുറി കണ്ടെത്തി: ബ്രിട്ടീഷ് കാലഘട്ടത്തിലേതെന്ന് നിഗമനം

 

ന്യൂഡൽഹി: തലസ്ഥാനത്തെ അസംബ്ലി കെട്ടിടത്തിന്റെ പരിസരത്ത് രഹസ്യ വധശിക്ഷാ മുറി കണ്ടെത്തി. ബ്രിട്ടീഷ് ഭരണ കാലഘട്ടത്തിലെ ഈ മുറി നിർമ്മിക്കപ്പെട്ടത്, തലസ്ഥാനം കൽക്കട്ടയിൽ നിന്നും ഡൽഹിയിലേക്ക് മാറ്റിയതിനു ശേഷം 1912-ൽ ആണെന്നാണ് കണക്കാക്കപ്പെടുന്നത്.

വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവരെ തൂക്കിക്കൊല്ലാനുള്ള സകല സജ്ജീകരണങ്ങളുമുള്ള ഈ മുറി, വിപ്ലവകാരികളെ വധിക്കാനും ക്രൂരമായി പീഡിപ്പിക്കാനും ബ്രിട്ടീഷ് സർക്കാർ ഉപയോഗിച്ചിരുന്നതാണ്. പുനർനിർമാണ പ്രവർത്തനങ്ങൾക്കിടയിൽ ചുമരിൽ തട്ടിയപ്പോൾ പൊള്ളയാണെന്ന് മനസ്സിലായ അധികൃതർ, ഭിത്തി പൊളിച്ചു നോക്കിയപ്പോഴാണ് ഇങ്ങനെയൊരു രഹസ്യ അറ കണ്ടെത്തിയത്.

ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ പ്രവർത്തിച്ചിരുന്നവരെ രഹസ്യമായി ചെങ്കോട്ടയിൽ നിന്നും ഇവിടേക്ക് തുരങ്കമാർഗ്ഗേന കൊണ്ടു വന്നിരുന്നുവെന്ന് ഡൽഹി ലെജിസ്ലേറ്റീവ് അസംബ്ലി സ്പീക്കർ രാം നിവാസ് ഗോയൽ പറയുന്നു. കോടതി മുറിയായി പ്രവർത്തിച്ചിരുന്ന ഈ കെട്ടിടത്തിൽ തന്നെയാണ് ശിക്ഷയും നടപ്പാക്കിയിരുന്നത്.