ലഖിംപൂർ ഖേരി കൂട്ടക്കൊലപാതക കേസിൽ പ്രതികളുടെ കുരുക്ക് മുറുക്കി പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്. കർഷകരെയും മാധ്യമപ്രവർത്തകനെയും കൊലപ്പെടുത്തിയത് മുൻകൂട്ടി ആസൂത്രണം ചെയ്താണെന്ന് പ്രത്യേക അന്വേഷണ സംഘം പറയുന്നു. പ്രതികൾക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്താൻ അന്വേഷണ സംഘം അപേക്ഷ നൽകി
ആയുധ നിയമത്തിന്റെ അടിസ്ഥാനത്തിൽ വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്താനാണ് അപേക്ഷ നൽകിയത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകൻ ആശിഷ് മിശ്ര അടക്കം 13 പ്രതികളാണ് കേസിലുള്ളത്. പ്രത്യേക അന്വേഷണ സംഘം ഉദ്യോഗസ്ഥനായ വിദ്യാറാം ദിവാകറാണ് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകിയത്.
അതേസമയം ആശിഷ് മിശ്ര അടക്കമുള്ള പ്രതികൾ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ജാമ്യാപേക്ഷയിൽ മറുപടി നൽകാൻ രണ്ടാഴ്ചത്തെ സമയം യുപി പോലീസിന് കോടതി അനുവദിച്ചു.