എന്തിന് സമ്മർദങ്ങൾക്ക്‌ വഴങ്ങി; ഗവർണറുടെ നിലപാട് ദുരൂഹമെന്ന് കോടിയേരി

 

കണ്ണൂർ, കാലടി സർവകലാശാലാ വി.സി നിയമനങ്ങളിൽ സർക്കാരിനോട് ഇടഞ്ഞ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമർശനവുമായി സി.പിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഗവർണറുമായി ഏറ്റുമുട്ടലിന് സർക്കാർ ഉദ്ദേശിക്കുന്നില്ല. സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള എല്ലാ അധികാരവും ചാൻസലർക്ക് സർക്കാർ അനുവദിച്ചു കൊടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ചാൻസലർ പദിവിയിലിരിക്കുന്ന ആൾക്ക് വിവേചനാധികാരമുണ്ട്. സമ്മർദ്ദങ്ങൾക്ക് വഴങ്ങേണ്ട ആളല്ല ചാൻസലർ. എന്തിനാണ് അദ്ദേഹം സമ്മർദ്ദങ്ങൾക്ക് വഴങ്ങിയത്. ഗവർണറുടെ നിലപാട് ദുരൂഹമെന്നും കോടിയേരി കൂട്ടിച്ചേർത്തു. സമ്മർദങ്ങൾക്ക് താൻ വഴങ്ങിയെന്ന് ഗവർണർ പറയുന്നത് ശരിയല്ലല്ലോ. ഗവർണർ അങ്ങനെ സമ്മർദങ്ങൾക്ക് വഴങ്ങാൻ പാടില്ലല്ലോ. വിവേചനാധികാരം ഉപയോഗിച്ച് തീരുമാനമെടുക്കേണ്ട പദവിയിൽ ഇരിക്കുന്ന വ്യക്തിയാണ് ഗവർണർ.

വിസിമാരുടെ നിയമനം സംബന്ധിച്ച് ശുപാർശ സമർപ്പിക്കുന്നത് സർക്കാരല്ല, സെർച്ച് കമ്മിറ്റിയാണ്. ഗവർണർ തന്നെ അംഗീകരിച്ച സെർച്ച് കമ്മിറ്റിയാണ്. ഐകകണ്ഠ്യേനയാണ് സെർച്ച് കമ്മിറ്റി പേരു നൽകിയത്. പിന്നീട് അദ്ദേഹത്തിനു വന്നിട്ടുള്ള എന്തോ ഒരു പ്രശ്നമായിരിക്കാം. നമുക്ക് അറിയില്ല. ഗവർണർ തന്നെയാണ് വ്യക്തമാക്കേണ്ടത്. ചാൻസലർ പദവി ഗവൺമെന്റ് ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും കോടിയേരി പറഞ്ഞു