കച്ചവടക്കാരുടെ സമ്മർദ്ദത്തിന് വഴങ്ങി മിഠായിത്തെരുവില്‍ വഴിയോര കച്ചവടത്തിന് അനുമതി നൽകി പോലീസ്

കോഴിക്കോട്: മിഠായിത്തെരുവില്‍ കോര്‍പ്പറേഷന്റെ അനുമതിയുള്ള വഴിയോര കച്ചവടക്കാര്‍ക്ക് കച്ചവടം നടത്താമെന്ന് വ്യക്തമാക്കി പോലീസ്. വഴിയോര കച്ചവടത്തിനായി 36 കേന്ദ്രങ്ങള്‍ കോര്‍പ്പറേഷന്‍ മാര്‍ക്ക് ചെയ്ത് നല്‍കും. കോര്‍പറേഷന്‍ സ്ട്രീറ്റ് വെന്‍ഡിങ് കമ്മറ്റിയുമായി വ്യാപാരികളും പോലീസും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

മിഠായിത്തെരുവില്‍ കടകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ ആരംഭിച്ചെങ്കിലും വഴിയോരക്കച്ചവടം അനുവദിക്കില്ലെന്ന നിലപാട് പോലീസ് സ്വീകരിച്ചതിനു പിന്നാലെ ഇന്ന് കച്ചവടക്കാരും പോലീസും തമ്മില്‍ വലിയ രീതിയിൽ തര്‍ക്കവും സംഘര്‍ഷും ഉണ്ടായി. ലൈസന്‍സുള്ള നൂറിലേറെ വഴിയോര കച്ചവടക്കാരെ കച്ചവടം നടത്താന്‍ അനുവദിക്കണമെന്നായിരുന്നു വ്യാപാരികളുടെ ആവശ്യം.

എന്നാല്‍, വഴിയോര കച്ചവടം തുടങ്ങിയാല്‍ ആളുകള്‍ കൂടാന്‍ സാധ്യതയുണ്ടെന്നും അനുവദിക്കാനാവില്ലെന്നും പോലീസ് പറഞ്ഞു. കച്ചവടം നടത്തിയാല്‍ സാധനങ്ങൾ പിടിച്ചെടുക്കുമെന്ന് പോലീസ് അറിയിച്ചത് സ്ഥലത്ത് സംഘർഷാവസ്ഥയ്ക്ക് കാരണമായി. ഇതോടെ കച്ചവടക്കാര്‍ സംഘടിച്ചെത്തി. ഇതിനു പിന്നാലെ കോര്‍പറേഷന്‍ സ്ട്രീറ്റ് വെന്‍ഡിങ് കമ്മറ്റിയുമായി വ്യാപാരികളും പോലീസും നടത്തിയ ചര്‍ച്ചയിലാണ് കച്ചവടം നടത്താൻ തീരുമാനമായത്.