പ്രഭാത വാർത്തകൾ

 

🔳കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുകയാണെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചത് കൊണ്ട് മാത്രം കര്‍ഷകര്‍ സമരത്തില്‍ നിന്ന് പിന്‍വാങ്ങില്ലെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത്. ‘ഈ രാജ്യത്ത് രാജവാഴ്ചയല്ല ഉള്ളത്. ടിവിയിലൂടെ പ്രഖ്യാപനം നടത്തിയാല്‍ കര്‍ഷകര്‍ വീട്ടിലേക്ക് മടങ്ങില്ലെന്നും സര്‍ക്കാരിന് കര്‍ഷകരോട് സംസാരിക്കേണ്ടി വരുമെന്നും രാകേഷ് ടിക്കായത്ത് ട്വീറ്റ് ചെയ്തു.

🔳സംസ്ഥാന പോലീസും കേന്ദ്ര ഏജന്‍സികളും തമ്മില്‍ മികച്ച ഏകോപനം വേണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സൈബര്‍ കുറ്റങ്ങള്‍, മാവോയിസ്റ്റ് ആക്രമണങ്ങള്‍ തുടങ്ങിയ സുരക്ഷാ സംബന്ധമായ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡിജിപി, ഐജിപി മാരുടെ 56ാമത് സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട്
സംസാരിക്കുകയായിരുന്നു അദ്ദേഹം.

🔳മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പരമാവധി ശ്രമിച്ചിട്ടും കര്‍ഷകരെ നിയമം സംബന്ധിച്ച് ബോധ്യപ്പെടുത്താനായില്ലെന്നതില്‍ ഖേദമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘ഗുരുനാനാക് ജയന്തിയില്‍, ജനാധിപത്യത്തിലെ സംവേദനത്തിന്റെ ഭാഷ ഉപയോഗിച്ച് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ച് ചരിത്രപരമായ പ്രവര്‍ത്തനമാണ് പ്രധാനമന്ത്രി നടത്തിയതെന്നും യോഗി പറഞ്ഞു.

🔳കേന്ദ്രം കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതിലൂടെ മോദിയുടെ രാഷ്ട്രീയത്തെ ഇല്ലാതാക്കാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ ഇതിനെ പരാജയത്തിന്റെ പരിഹാസമായും അമ്പെത്തെട്ട് ഇഞ്ചിന്റെ ഇടിവായും ഇകഴ്ത്തിയേക്കാമെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതോടെ ജനാധിപത്യത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ട ഇടത് വലത് രാഷ്ട്രീയ നേതാക്കള്‍ക്ക് ജനാധിപത്യം നഷ്ടപ്പെട്ടിട്ടില്ലെന്ന് സന്തോഷിക്കാമെന്നും 2014 മെയ് മാസം മുതല്‍ ഇന്ന് വരെ പറഞ്ഞു കൊണ്ടിരിക്കുന്ന ഹിറ്റ്ലറും ഫാസിസ്റ്റുമാണ് മോദി എന്ന കുറ്റവിചാരണക്ക് ഇതോടെ വിരാമമാകുമെന്ന് പ്രതീക്ഷിക്കാമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

🔳പമ്പ അണക്കെട്ടില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വൃഷ്ടി പ്രദേശത്ത് മഴ തുടരുകയാണ്. പമ്പ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയേക്കും. പമ്പാ നദിയുടെയും കക്കാട്ടാറിന്റെയും തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. ശബരിമല തീര്‍ഥാടകര്‍ പമ്പാ നദിയില്‍ ഇറങ്ങരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. തമിഴ്നാടിന് മുകളിലായുള്ള ന്യൂനമര്‍ദ്ദത്തിന്റെ പ്രഭാവത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴ തുടരാനാണ് സാധ്യത. വടക്കന്‍ ജില്ലകളിലാണ് കൂടുതല്‍ മഴ സാധ്യത. മലയോര മേഖലകളിലും വനമേഖലകളിലും കൂടുതല്‍ മഴ കിട്ടും. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്.

🔳ശബരിമലയില്‍ ഇന്ന് ഭക്തരെ പ്രവേശിപ്പിക്കില്ല. പത്തനംതിട്ട ജില്ലാ കളക്ടറുടേതാണ് ഉത്തരവ്. ശബരിമലയിലേക്കും പമ്പയിലേക്കും നിലയ്ക്കലില്‍ നിന്ന് ഭക്തരെ കടത്തിവിടില്ല. പമ്പയിലും സന്നിധാനത്തും കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് നടപടി. പമ്പ ഡാമിന്റെ ഷട്ടറുകള്‍ തുറക്കാനുള്ള സാധ്യത കൂടി പരിഗണിച്ചാണ് കളക്ടറുടെ ഉത്തരവ്. തീര്‍ഥാടകരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് തീരുമാനമെന്ന് കളക്ടര്‍ അറിയിച്ചു. വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തവര്‍ക്ക് ഏറ്റവും അടുത്ത അവസരം നല്‍കും.

🔳മോന്‍സന്‍ മാവുങ്കല്‍ കേസില്‍ അനിത പുല്ലയിലിന്റെ പങ്ക് എന്താണെന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി. ഇക്കാര്യത്തില്‍ മറുപടി നല്‍കാന്‍ സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു. മോന്‍സന്‍ മാവുങ്കല്‍ കേസില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍ അറിയിച്ചു. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രമേ അന്വേഷിക്കാന്‍ അധികാരമുള്ളൂവെന്നും മറ്റ് വിഷയങ്ങള്‍ അന്വേഷിക്കാന്‍ സിബിഐ പോലുള്ള ഏജന്‍സികളെ നിയോഗിക്കുകയാണ് ഉചിതമെന്നും പൊലീസ് കേസെടുക്കാന്‍ വൈകിയതിനാലാണ് ഇഡി അന്വേഷണം തുടങ്ങാന്‍ വൈകിയതെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ പറഞ്ഞു. മോന്‍സനുമായി ബന്ധപ്പെട്ട സംഭവങ്ങളെ തമാശയായി കാണാനാകില്ലെന്നും ഇവ ഗൗരവത്തോടെ കാണേണ്ട വിഷയങ്ങളാണെന്നും എഡിജിപിയും ഡിജിപിയും ആരോപണവിധേയരായി എന്നുള്ളത് ആശങ്കപ്പെടുത്തുന്നുവെന്നും കോടതി പറഞ്ഞു.

🔳മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ വിള്ളലുകളില്ലെന്ന് തമിഴ്നാട് സുപ്രീം കോടതിയില്‍. തമിഴ്നാട് സര്‍ക്കാര്‍ പുതിയ മറുപടി സത്യവാങ്മൂലം സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തു. ഭൂചലനങ്ങള്‍ കാരണം അണക്കെട്ടിന് വിള്ളലുകള്‍ ഉണ്ടായിട്ടില്ല. അണക്കെട്ടിന്റെ അന്തിമ റൂള്‍ കര്‍വ് തയ്യാറായിട്ടില്ലെന്ന കേരളത്തിന്റെ വാദം തെറ്റെന്നും തമിഴ്നാട് കോടതിയില്‍ അറിയിച്ചു. അണക്കെട്ടിലെ പരമാവധി ജലനിരപ്പ് 142 അടിയാക്കാന്‍ അനുവദിക്കണമെന്നും തമിഴ്നാട് ആവശ്യപ്പെട്ടു. മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ ചൊല്ലി കേരളം ഉയര്‍ത്തുന്നത് അനാവശ്യ ആശങ്കയാണെന്ന് തമിഴ്നാട് സര്‍ക്കാര്‍ നേരത്തെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

🔳ഇടതുമുന്നണിയിലെ ഘടകകക്ഷിയായ എല്‍ജെഡിയിലെ തര്‍ക്കം രൂക്ഷമായി പിളര്‍പ്പിലേക്ക്. ഇന്ന് ചേരുന്ന നേതൃയോഗം നിര്‍ണ്ണായകമാകും. എംവി ശ്രേയാംസ് കുമാറിന്റെ നേതൃത്വത്തിലാണ് ഇന്ന് കോഴിക്കോട് നേതൃയോഗം ചേരുന്നത്. വിമതര്‍ക്കെതിരെ നടപടി ഉണ്ടായാല്‍ പാര്‍ട്ടി പിളരാനാണ് സാധ്യത. ശ്രേയാംസ് സ്ഥാനം ഒഴിയാന്‍ വിമതര്‍ നല്‍കിയ സമയപരിധി തീരുന്നത് ഇന്നാണ്. അച്ചടക്കത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് പറയുമ്പോഴും സമവായ സാധ്യത പൂര്‍ണ്ണമായും അടക്കാതെയാണ് ശ്രേയാംസിന്റെ പ്രതികരണം.

🔳സഹകരണ മേഖലയില്‍ സമഗ്ര നിയമ നിര്‍മ്മാണം നടപ്പാക്കുമെന്ന് സഹകരണ റജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. സഹകരണ മേഖലയില്‍ സഹകാരികളുടെ പങ്കാളിത്തത്തോടെ ചര്‍ച്ചകളുടെയും വിശകലനങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കും സമഗ്ര നിയമ നിര്‍മ്മാണം നടത്തുക. സഹകരണ മേഖലയില്‍ നിരവധി പദ്ധതികളാണ് ഇതിനകം നടപ്പാക്കിയത്.

🔳ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ‘ചുരുളി’ക്കെതിരെ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ്. ചിത്രത്തിലെ കഥാപാത്രങ്ങളുടെ അസഭ്യം കലര്‍ന്ന ഭാഷയ്ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് എം എസ് നുസൂര്‍ ആണ് രംഗത്തെത്തിയിരിക്കുന്നത്. ശുദ്ധ തെമ്മാടിത്തരമാണ് ചിത്രമെന്നും സെന്‍സര്‍ ബോര്‍ഡ് എന്തടിസ്ഥാനത്തിലാണ് ഇതിന് അനുമതി നല്‍കിയതെന്ന് വ്യക്തമാക്കണമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ നുസൂര്‍ ആവശ്യപ്പെടുന്നു.

🔳ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ആശുപത്രി വിട്ടു. തിരുവനന്തപുരം പട്ടത്തെ എസ് യു ടി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ആരോഗ്യനിലയില്‍ നല്ല പുരോഗതി ഉണ്ടായതിനെ തുടര്‍ന്ന് ഇന്നലെ വൈകീട്ടാണ് വി എസിനെ ഡിസ്ചാര്‍ജ്ജ് ചെയ്തത്.

🔳ദീര്‍ഘദൂര യാത്രകള്‍ക്കായി ട്രെയിനുകളെ ആശ്രയിക്കുന്നവര്‍ ഇനി ഭക്ഷണത്തെ കുറിച്ച് ആശങ്കപ്പെടേണ്ട. കോവിഡ് കാരണം നിര്‍ത്തിവെച്ചിരുന്ന ട്രെയിനുകളിലെ ഭക്ഷണ വില്‍പ്പന പുനരാരംഭിക്കാന്‍ റെയില്‍വേ തീരുമാനിച്ചു. ട്രെയിനുകളില്‍ ഭക്ഷണ വിതരണം പുനഃസ്ഥാപിക്കാന്‍ തീരുമാനിച്ചതായി കാണിച്ച് റെയില്‍വേ ഐ.ആര്‍.സി.ടിസിക്ക് കത്തയച്ചിട്ടുണ്ട്.

🔳ആന്ധ്രപ്രദേശ് നിയമസഭയില്‍ നിന്ന് ഇറങ്ങി പോയതിന് പിന്നാലെ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി പൊട്ടിക്കരഞ്ഞ് മുന്‍ മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ ചന്ദ്രബാബു നായിഡു. തന്റെ ഭാര്യക്കെതിരെ വൈഎസ്ആര്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ നിന്ദ്യമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ആരോപിച്ചുകൊണ്ടായിരുന്നു നായിഡുവിന്റെ പൊട്ടിക്കരച്ചില്‍.

🔳ആന്ധ്രപ്രദേശിലെ തെക്കന്‍ മേഖലകളില്‍ പ്രളയത്തില്‍ കനത്ത നാശനഷ്ടം. ചിറ്റൂരില്‍ നൂറുകണക്കിന് വീടുകളാണ് വെള്ളത്തില്‍ മുങ്ങിയത്. കടപ്പയില്‍ മൂന്ന് ബസുകള്‍ ഒഴുക്കില്‍പെട്ട് 12 പേര്‍ മരിച്ചു. കടപ്പയിലെ മണ്ടപ്പള്ളി ഗ്രാമത്തിലാണ് ബസുകള്‍ ഒഴുക്കില്‍പ്പെട്ടത്. സംഭവത്തില്‍ മുപ്പത് പേര്‍ ഒഴുകിപ്പോയി. 12 പേരുടെ മൃതദേഹങ്ങളാണ് ഇതിനോടകം കണ്ടെടുക്കാനായത്. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമായി തുടരുകയാണ്.

🔳കര്‍ഷക സമരത്തിനിടെ രക്തസാക്ഷികളായ കര്‍ഷകരുടെ സ്മരണക്കായി സ്മാരകം നിര്‍മ്മിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കര്‍ഷക സമരത്തില്‍ രക്തസാക്ഷികളായവര്‍ക്ക് സ്മാരകം നിര്‍മ്മിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. എവിടെയാണ് സ്മാരകം നിര്‍മ്മിക്കേണ്ടതെന്ന് കര്‍ഷക സംഘടനകളുമായി ആലോചിച്ച് തീരുമാനിക്കും. കര്‍ഷക സമരത്തിനിടെ മരിച്ച 700ലധികം കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

🔳അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ താല്‍ക്കാലികമായി പ്രസിഡന്റ് സ്ഥാനം വൈസ് പ്രസിഡന്റ് കമല ഹാരിസിന് കൈമാറും. ചികിത്സയുടെ ഭാഗമായി അനസ്‌തേഷ്യയ്ക്ക് വിധേയനാകുന്നതിനാലാണ് ബൈഡന്‍ കമല ഹാരിസിന് അധികാരം കൈമാറുന്നത്. ഇതോടെ അല്‍പനേരത്തേക്കെങ്കിലും അമേരിക്കയുടെ ഭരണാധികാരിയാകുന്ന ആദ്യ വനിതയായി കമല ഹാരിസ് മാറും.

🔳ഓസ്ട്രിയ വീണ്ടും ലോക്ക്ഡൗണിലേക്ക് കടക്കുന്നു. രാജ്യത്ത് കൊവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തിലാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. തിങ്കളാഴ്ച മുതലാണ് രാജ്യം ലോക്ക്ഡൗണിലാവുക. അതേസമയം വാക്സിന്‍ നിര്‍ബന്ധമാക്കുമെന്ന് ചാന്‍സലര്‍ അലക്സാണ്ടര്‍ ഷാലെന്‍ബെര്‍ഗ് വെള്ളിയാഴ്ച പ്രഖ്യാപിച്ചു.

🔳ഐഎസ്എല്‍ എട്ടാം സീസണിലെ ഉദ്ഘാടന മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സിന് തോല്‍വി. എടികെ മോഹന്‍ ബഗാനെതിരെ രണ്ടിനെതിരെ നാലു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് അടിയറവ് പറഞ്ഞത്. ബഗാനായി ഹ്യൂഗോ ബൗമസ് ഇരട്ട ഗോള്‍ നേടിയപ്പോള്‍ റോയ് കൃഷ്ണയും ലിസ്റ്റണ്‍ കൊളാസോയും ഓരോ ഗോള്‍ വീതം കണ്ടെത്തി. സഹല്‍ അബ്ദുല്‍ സമദും ജോര്‍ജ് ഡയസും ബ്ലാസ്റ്റേഴ്‌സിനായി ലക്ഷ്യം കണ്ടു.

🔳ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഏഴ് വിക്കറ്റ് ജയവുമായി മൂന്നു മത്സരങ്ങളുടെ പരമ്പര ഇന്ത്യ സ്വന്തമാക്കി. 154 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 17.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. ഓപ്പണര്‍മാരായ കെ എല്‍ രാഹുലിന്റെയും ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും തകര്‍പ്പന്‍ അര്‍ധസെഞ്ചുറികളാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്. 49 പന്തില്‍ 65 റണ്‍സെടുത്ത രാഹുല്‍ ആണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. രോഹിത് 36 പന്തില്‍ 55 റണ്‍സടിച്ചു.പതിനേഴാമത്തെ ഓവറില്‍ ജിമ്മി നീഷാമിനെ തുടര്‍ച്ചയായി രണ്ടുതവണ സിക്സിന് പറത്തിയാണ് റിഷഭ് പന്ത് ഇന്ത്യന്‍ ജയം പൂര്‍ത്തിയാക്കിയത്.

🔳കേരളത്തില്‍ ഇന്നലെ 63,534 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 5754 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 46 വാര്‍ഡുകളാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 49 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 155 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 37,051 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 25 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5382 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 310 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 37 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6489 പേര്‍ രോഗമുക്തി നേടി. ഇതോടെ 61,348 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : എറണാകുളം 1109, തിരുവനന്തപുരം 929, കോഴിക്കോട് 600, തൃശൂര്‍ 530, കോട്ടയം 446, കൊല്ലം 379, കണ്ണൂര്‍ 335, പത്തനംതിട്ട 301, ഇടുക്കി 262, വയനാട് 209, പാലക്കാട് 199, മലപ്പുറം 191, ആലപ്പുഴ 181, കാസര്‍ഗോഡ് 83.

🔳ആഗോളതലത്തില്‍ ഇന്നലെ 5,52,579 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 84,659 പേര്‍ക്കും ഇംഗ്ലണ്ടില്‍ 44,242 പേര്‍ക്കും റഷ്യയില്‍ 37,156 പേര്‍ക്കും തുര്‍ക്കിയില്‍ 23,810 പേര്‍ക്കും ഫ്രാന്‍സില്‍ 21,220 പേര്‍ക്കും ജര്‍മനിയില്‍ 59,266 പേര്‍ക്കും ഉക്രെയിനില്‍ 20,050 പേര്‍ക്കും പോളണ്ടില്‍ 23,242 പേര്‍ക്കും നെതര്‍ലാന്‍ഡില്‍ 21,026 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 25.68 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.98 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 6,849 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 1,030 പേരും റഷ്യയില്‍ 1,254 പേരും ഉക്രെയിനില്‍ 725 പേരും മെക്സിക്കോയില്‍ 356 പേരും പോളണ്ടില്‍ 403 പേരും ഇന്നലെ മരിച്ചു. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 51.54 ലക്ഷമായി.

🔳ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) 2021 ഒക്ടോബര്‍ മാസത്തെ ഇന്റര്‍നെറ്റ് സ്പീഡ് ഡാറ്റ പുറത്തിറക്കി. ഒക്ടോബറിലെ എല്ലാ 4ജി സേവന ദാതാക്കളില്‍ നിന്നും ഏറ്റവും ഉയര്‍ന്ന ശരാശരി ഡാറ്റ ഡൗണ്‍ലോഡ് വേഗതയായ 21.9 എംബിപിഎസ് ഉപയോഗിച്ച് ജിയോ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഒക്ടോബറില്‍ എയര്‍ടെല്‍ 13.2 എംബിപിഎസും വോഡഫോണ്‍ ഐഡിയ 15.6 എംബിപിഎസും ഡൗണ്‍ലോഡ് സ്പീഡ് രേഖപ്പെടുത്തി. ഒക്ടോബറില്‍ വോഡഫോണ്‍ ഐഡിയ 7.6 എംബിപിഎസ് അപ്ലോഡ് വേഗത രേഖപ്പെടുത്തി, കഴിഞ്ഞ അഞ്ച് മാസത്തെ ഏറ്റവും ഉയര്‍ന്ന വേഗതയാണിത്.

🔳ഐടിസിയും മക്ഡോണാള്‍ഡ്സ് ഇന്ത്യയും കൈകോര്‍ക്കുന്നു . മക്ഡൊണാള്‍ഡ്സിന്റെ ഹാപ്പി മീലുകള്‍ക്കൊപ്പം ഐടിസി ഉല്‍പ്പന്നമായ മധുരം ചേര്‍ക്കാത്ത ബി നാച്വറല്‍ മിക്സ്ഡ് ഫ്രൂട്ടും ലഭ്യമാകും. നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യുട്രീഷന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസൃതമായ ബാലന്‍സ്ഡ് മീലായ മക്ആലൂ ടിക്കി ബര്‍ഗര്‍ അല്ലെങ്കി ല്‍ പ്രോട്ടീന്‍ സമ്പന്നമായ മക് എഗ് ഹാപ്പി മീല്‍ ബര്‍ഗര്‍ എന്നിവയില്‍ ഒന്നിനൊപ്പം പഞ്ചസാരയും പ്രിസര്‍വേറ്റീവുകളും ചേര്‍ക്കാത്ത ബി നാച്വറല്‍ മിക്സഡ് ഫ്രൂട്, നാരുകളടങ്ങിയ ഒരു കപ്പ് ജ്യൂസി കോണ്‍, കുട്ടികള്‍ക്ക് പ്രിയങ്കരമായ ഒരു കുഞ്ഞു കളിപ്പാട്ടം എന്നിവയാണ് ഹാപ്പി മീലിലുണ്ടാകുക.

🔳28 വര്‍ഷത്തിനു ശേഷം പ്രിയദര്‍ശന്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ ഉര്‍വശി. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന തമിഴ് സിനിമയായ ‘അപ്പത്ത’യിലാണ് ഉര്‍വശി അഭിനയിക്കുന്നത്. ഉര്‍വശിയുടെ എഴുന്നൂറാം ചിത്രമെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. 1993ല്‍ റിലീസ് ചെയ്ത പ്രിയദര്‍ശന്‍ ചിത്രം മിഥുനം സിനിമയില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചത് ഉര്‍വശിയാണ്. അതിന് ശേഷം മറ്റൊരു പ്രിയദര്‍ശന്‍ ചിത്രത്തിലും ഉര്‍വശി അഭിനയിച്ചിട്ടില്ല. മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമയ്ക്ക് ശേഷം പ്രിയന്‍ ഒരുക്കുന്ന സിനിമയാണ് അപ്പത്ത.

🔳ജഗദീഷ്, ശ്രേയ രമേശ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിറാന്റ് ഫാന്റസി രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രമാണ് ‘തട്ടുകട മുതല്‍ സെമിത്തേരി വരെ’. ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തെത്തി. പൃഥ്വിരാജും ഉണ്ണി മുകുന്ദനുമാണ് സോഷ്യല്‍ മീഡിയയിലൂടെ ട്രെയ്ലര്‍ ലോഞ്ച് ചെയ്തത്. വേറിട്ട ഗെറ്റപ്പിലെത്തുന്ന ജഗദീഷിന്റെ കഥാപാത്രമാണ് ട്രെയ്ലറിലെ ഹൈലൈറ്റ്.

🔳സുസുകി മോട്ടര്‍സൈക്കിള്‍ ഇന്ത്യ പുതിയ 125 സിസി സ്‌കൂട്ടര്‍ അവനിസ് അവതരിപ്പിച്ചു. 86,700 രൂപയാണു ഷോറൂം വില. അടുത്ത മാസം വില്‍പന ആരംഭിക്കും. സ്മാര്‍ട്ഫോണ്‍ കണക്ടിവിറ്റിയുള്ള സ്റ്റൈലിഷ് സ്‌കൂട്ടറാണിതെന്നു കമ്പനി അറിയിച്ചു.

🔳ഇരുപത്തിയഞ്ച് രാജ്യങ്ങള്‍, ആറ് ഭൂഖണ്ഡങ്ങള്‍. വിജയന്റെയും മോഹനയുടെയും ലോക സഞ്ചാരങ്ങളുടെ പുസ്തകം. ഒപ്പം, കൊച്ചിയില്‍ ചായക്കട നടത്തുന്ന അവരുടെ ജീവിതകഥയും. ‘ചായ വിറ്റ് വിജയന്റെയും മോഹനയുടെയും ലോക സഞ്ചാരങ്ങള്‍’. കെ ആര്‍ വിജയന്‍ മോഹന വിജയന്‍. വിസി ബുക്സ്. വില 189 രൂപ.

🔳ചില പുകവലിക്കാരില്‍ ഹൃദയ സംബന്ധമായ അസുഖത്തിന്റെ ആദ്യ ലക്ഷണമാണ് സ്ട്രോക്കെന്ന് പുതിയ പഠനം. ‘അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ’ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്. പുകവലിക്കുന്നതും ശ്വാസകോശ അര്‍ബുദവും തമ്മിലുള്ള ബന്ധത്തെ കുറിച്ചും പഠനത്തില്‍ പറയുന്നു. പഠനത്തിന്റെ തുടക്കത്തില്‍ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഇല്ലാതിരുന്ന 20 നും 79 നും ഇടയില്‍ പ്രായമുള്ള 165 മുതിര്‍ന്നവരില്‍ നിന്ന് ഡാറ്റ വിശകലനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രായം, ബോഡി മാസ് ഇന്‍ഡക്‌സ് (ബിഎംഐ), രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോളിന്റെ അളവ് എന്നിവയില്‍ ക്രമീകരണം നടത്തി. പുകവലിക്കുന്ന മധ്യവയസ്‌കരായ സ്ത്രീകള്‍ക്ക് പുകവലിക്കാത്ത സ്ത്രീകളെ അപേക്ഷിച്ച് സിവിഡി ഉണ്ടാകാനുള്ള സാധ്യത ഇരട്ടിയാണെന്ന് പഠനത്തില്‍ കണ്ടെത്തി. പുകവലിക്കാത്ത പുരുഷന്മാരേക്കാള്‍ അപേക്ഷിച്ച് പുകവലിക്കുന്ന മധ്യവയസ്‌കരായ പുരുഷന്മാര്‍ക്ക് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ വരാനുള്ള സാധ്യത 10 ശതമാനത്തിലധികം കൂടുതലാണ്. ഭക്ഷണത്തിന്റെ ഗുണനിലവാരവും ഹൃദ്രോഗങ്ങളും തമ്മില്‍ ശക്തമായ ബന്ധമുണ്ടെന്ന് ‘അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍’ വ്യക്തമാക്കുന്നു. ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തണം. ഇതിനായി കഴിക്കുന്ന ഭക്ഷണത്തിന്റെയും ചെലവാക്കുന്ന ഊര്‍ജത്തിന്റെയും അളവ് ശ്രദ്ധിക്കണം.

*ശുഭദിനം*
*കവിത കണ്ണന്‍*
ഒരു സ്ത്രീ സന്യാസിയുടെ അടുത്തുചെന്നു സങ്കടം പറഞ്ഞു: ‘എന്റെ ഭര്‍ത്താവ് രാജ്യത്തിനുവേണ്ടി യുദ്ധഭൂമിയിലായിരുന്നു. തിരിച്ചുവന്നപ്പോള്‍ സ്വഭാവത്തില്‍ പ്രകടമായ മാറ്റം. അധികം സംസാരിക്കില്ല, സംസാരിച്ചാല്‍ത്തന്നെ ക്ഷുഭിതനുമാണ്’. സന്യാസി പറഞ്ഞു: ‘ഞാനൊരു മാന്ത്രികമരുന്ന് ഉണ്ടാക്കിത്തരാം. പക്ഷേ, അതിലിടാന്‍ ജീവനുള്ള കടുവയുടെ മീശരോമം വേണം…….’ ആ സ്ത്രീ പിറ്റേദിവസം ഇറച്ചിക്കഷണങ്ങളുമായി കാട്ടില്‍ കടുവയുണ്ടെന്നു വിശ്വസിക്കുന്ന ഗുഹയുടെ മുന്‍പിലെത്തി. ഇറച്ചി ഗുഹയുടെ കവാടത്തില്‍ വച്ച് കാത്തിരുന്നെങ്കിലും കടുവ വന്നില്ല. ആഴ്ചകളോളം ഇതാവര്‍ത്തിച്ചപ്പോള്‍ കടുവ പുറത്തെത്തി. മാസങ്ങള്‍ക്കു ശേഷം കടുവയുമായി സൗഹൃദത്തിലായ അവര്‍ ഒരു മീശരോമവും നേടി. തിരിച്ചെത്തിയ അവളുടെ കയ്യില്‍നിന്നു ആ രോമം വാങ്ങി സന്യാസി കത്തിച്ചുകളഞ്ഞു. അദ്ഭുതത്തോടെ നിന്ന അവളോട് അദ്ദേഹം പറഞ്ഞു: ‘ക്ഷമയോടെ കാത്തിരുന്ന നിനക്ക് കടുവയുടെ രോമം എടുക്കാന്‍ കഴിഞ്ഞു. കടുവയെക്കാള്‍ ഭീകരനല്ല നിന്റെ ഭര്‍ത്താവ്. അദ്ദേഹം തുടര്‍ന്നു. തോല്‍പിക്കാനാകാത്തവിധം ശക്തനല്ല ഒരു എതിരാളിയും; തരണം ചെയ്യാന്‍ കഴിയാത്തവിധം ദുര്‍ഘടമല്ല ഒരു പ്രശ്നവും; എത്തിച്ചേരാനാകാത്തവിധം വിദൂരമല്ല ഒരു ലക്ഷ്യവും, സമീപനത്തിലാണ് നാം വ്യത്യാസം വരുത്തേണ്ടത്. ഓരോന്നിനെയും എങ്ങനെ സമീപിക്കണമെന്ന തിരിച്ചറിവും അതിനനുസരിച്ചുള്ള നയതന്ത്രവുമാണ് വിജയത്തിന്റെ രസതന്ത്രം. പിടികൊടുക്കരുതെന്ന വാശി ആര്‍ക്കും ഉണ്ടാകണമെന്നില്ല. നിര്‍ബന്ധങ്ങളോ നിബന്ധനകളോ ഇല്ലാതെ ഹൃദയപൂര്‍വം ഇടപെടുന്നവരുടെ മുന്‍പില്‍ തോറ്റുകൊടുക്കാനായിരിക്കും ആളുകള്‍ക്കിഷ്ടം. താനാഗ്രഹിക്കുന്ന രീതിയിലും നേരത്തും മറ്റുള്ളവര്‍ മാറണമെന്നു വാശി പിടിക്കാതിരുന്നാല്‍ എല്ലാവരും സ്വയം മാറുക തന്നെ ചെയ്യും – ശുഭദിനം
➖➖➖➖➖➖➖➖