800-ലധികം പേരുടെ മരണത്തിനിടയാക്കിയ അഫ്ഗാൻ ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി ഇടപെടലുമായി ഇന്ത്യ. കാബൂളിലേക്ക് ഇന്ത്യ ദുരിതശ്വാസ സാമഗ്രികൾ അയച്ചു. ഇന്ത്യ അഫ്‌ഘാനൊപ്പമെന്ന് വിദേശകാര്യ മന്ത്രി അറിയിച്ചു.
വിദേശകാര്യ മന്ത്രി എസ് ജയശങ്കർ താലിബാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്താക്കിയുമായി സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തുകയും കൂടുതൽ സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു. അഫ്ഗാൻ ഭൂചലനത്തിൽ നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ദുരിതബാധിതർക്ക് എല്ലാ സഹായവും നൽകുമെന്ന് എക്‌സിൽ കുറിച്ചു.
“അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂകമ്പത്തിൽ നിരവധി ജീവനുകൾ നഷ്ടപ്പെട്ടതിൽ അതീവ ദുഃഖമുണ്ട്. ഈ ദുരിത സമയത്ത് ഞങ്ങളുടെ ചിന്തകളും പ്രാർത്ഥനകളും ദുഃഖിതരായ കുടുംബങ്ങളോടൊപ്പമുണ്ട്. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു. ദുരിതബാധിതർക്ക് സാധ്യമായ എല്ലാ മാനുഷിക സഹായവും നൽകാൻ ഇന്ത്യ തയ്യാറാണ്.”- പ്രധാനമന്ത്രി കുറിച്ചു.
അഫ്ഗാനിസ്ഥാനിൽ ഇന്നലെ രാത്രിയുണ്ടായ ഭൂകമ്പത്തിൽ 800-ൽ അധികം ആളുകൾ മരിക്കുകയും 2,500-ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്. റിക്ടർ സ്കെയിലിൽ 6 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പമാണ് ഉണ്ടായിരിക്കുന്നത്. പല ഗ്രാമങ്ങളിൽ രക്ഷാ പ്രവർത്തനത്തിന് ആളില്ലായെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കെട്ടിടാവശിഷ്ടങ്ങളുടെ അടിയിൽ പെട്ടവരെ പുറത്തെടുക്കാൻ സഹായം അഭ്യർത്ഥിക്കുകയാണ് നാട്ടുകാർ.
പാകിസ്താൻ അതിർത്തിക്ക് സമീപം കിഴക്കൻ അഫ്ഗാനിസ്ഥാനിലാണ് ശക്തിയേറിയ ഭൂകമ്പമുണ്ടായതെന്ന് അഫ്ഗാൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിരവധി ഗ്രാമങ്ങളും കെട്ടിടങ്ങളും തകർന്നിട്ടുണ്ട്. ഞായറാഴ്ച രാത്രി 11:47-ന് ഉണ്ടായ ശക്തമായ ഭൂകമ്പത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് അധികൃതർ അറിയിച്ചു.