ഡൽഹി വായുമലിനീകരണം; ഹർജി വീണ്ടും സുപ്രീംകോടതിയിൽ

ഡൽഹിയിലെ വായുമലിനീകരണവുമായി ബന്ധപ്പട്ട ഹർജി ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും. മലിനീകരണം തടയാൻ കേന്ദ്രം എടുത്ത നടപടികൾ ഇന്ന് കോടതിയെ അറിയിക്കണം. ചിഫ് ജസ്റ്റിസ് എൻവി രമണ അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. വായു മലിനീകരണം ഗുരുതരമായ സാഹചര്യത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കാൻ കോടതി കേന്ദ്രത്തിനും സംസ്ഥാന സർക്കാരിനും നിർദ്ദേശം നൽകിയിരുന്നു. ആവശ്യമെങ്കിൽ ലോക്ക്ഡൗൺ പ്രഖ്യാപിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതു സംബന്ധിച്ച തീരുമാനങ്ങൾ സർക്കാർ ഇന്ന് കോടതിയെ അറിയിക്കും.

സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് മുതൽ ഒരാഴ്ചത്തേക്ക് ക്ലാസുകൾ ഓൺലൈൻ ആക്കിയിട്ടുണ്ട്. അവശ്യ സേവനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർ ഒഴികെയുള്ള എല്ലാ സർക്കാർ ഓഫീസുകളിലെയും, ഏജൻസികളിലെയും സ്വയംഭരണ സ്ഥാപനങ്ങളിലെയും ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാൻ ആവശ്യപ്പെടാനും ഡൽഹി സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. ഒക്ടോബർ 24 മുതൽ ഈ മാസം 8 വരെയുള്ള വാഹന പുകയാണ് അതിരൂക്ഷമായ വായു മലിനീകരണത്തിന് കാരണമായതെന്നാണ് സെന്റർ ഫോർ സയൻസ് ആൻസ് എൻവയോൺമെന്റ് വ്യക്തമാക്കിയത്. നഗരത്തിൽ പുകമഞ്ഞ് രൂക്ഷമായിരുന്നു. പഞ്ചാബിലും ഹരിയാനയിലും വൈക്കോൽ കത്തിക്കുന്ന സംഭവങ്ങൾ ഉണ്ടായതും വായു മലിനീകരണത്തിന് കാരണമായിരുന്നു.

ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നിവിടങ്ങളിലും നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നത് പരിഗണിക്കാൻ കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ഡൽഹിയുമായി അതിർത്തി പങ്കിടുന്ന നാല് ജില്ലകളിൽ ഹരിയാന സർക്കാർ ഒരാഴ്ചത്തേക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയട്ടുണ്ട്. ഗുർഗാവ്, ഫരീദാബാദ്, ജഗ്ജർ, സോണിപത്ത് എന്നീ ജില്ലകളിലെ സ്‌കൂളുകളുടെ പ്രവർത്തനം നിർത്തിവെച്ചു. വായുവിന്റെ നിലവാരം അപകടാവസ്ഥയിലായത് കണക്കിലെടുത്താണ് നടപടി. എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും നിർത്തിവെച്ചു.