മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് കുറഞ്ഞു; ഏഴ് ഷട്ടറുകൾ അടച്ചു

 

മഴയുടെ ശക്തി കുറഞ്ഞതോടെ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞു. 138.50 അടിയാണ് ഡാമിൽ ശനിയാഴ്ച രേഖപ്പെടുത്തിയ ജലനിരപ്പ്. അണക്കെട്ടിലേക്കുള്ള നീരൊഴുക്കിലും കുറവ് വന്നിട്ടുണ്ട്. ഇതോടെ സ്പിൽവേയിലെ ഏഴ് ഷട്ടറുകളും തമിഴ്‌നാട് അടച്ചു. ഇനി ഒരു ഷട്ടറാണ് അടയ്ക്കാനുള്ളത്. ഇതിന്റെ ഉയരം 20 സെന്റിമീറ്ററായി കുറച്ചിട്ടുണ്ട്

സെക്കൻഡിൽ 980 ഘനയടി വെള്ളമാണ് സ്പിൽവേ വഴി ഒഴുക്കിവിടുന്നത്. ഇടുക്കി ഡാമിലെ ജലനിരപ്പ് 2398.72 അടിയായി. 2398.79 അടിയാണ് റെഡ് അലർട്ട് ലെവൽ.

മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 152 അടിയിലെത്തിക്കാൻ നടപടിയെടുക്കുമെന്ന് തമിഴ്‌നാട് ജലവിഭവമന്ത്രി ദുരൈ മുരുകൻ വെള്ളിയാഴ്ച പറഞ്ഞിരുന്നു. തമിഴ്‌നാടിന്റെ മന്ത്രിതല സംഘം ഡാമിൽ സന്ദർശനം നടത്തിയ ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.

ബേബി ഡാം ബലപ്പെടുത്തിയ ശേഷം മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയാക്കി ഉയർത്താൻ നടപടിയെടുക്കുമെന്നായിരുന്നു മന്ത്രിയുടെ വാക്കുകൾ. അതേസമയം ബേബി ഡാം ബലപ്പെടുത്തണമെങ്കിൽ താഴെയുള്ള മൂന്ന് മരങ്ങൾ വെട്ടണമെന്നും ഇതിനായി കേരള സർക്കാർ അനുമതി നൽകണമെന്നും അദ്ദേഹം പറഞ്ഞു. പിണറായി സർക്കാർ അധികാരത്തിലിരിക്കുമ്പോൾ മുല്ലപ്പെരിയാർ പ്രശ്‌നത്തിന് പരിഹാരം കാണാനാകുമെന്നാണ് പ്രതീക്ഷയെന്നും ദുരൈ മുരുകൻ പറഞ്ഞു.

അണക്കെട്ട് 136 അടിയിലേക്ക് താഴ്ത്തണമെന്ന് കേരളം ആവശ്യപ്പെടുമ്പോഴാണ് 152 അടിയിലേക്ക് ഉയർത്തുമെന്ന് തമിഴ്‌നാട് പറയുന്നത്. നേരത്തെ അണക്കെട്ടിന്റെ സ്പിൽവേ ഷട്ടറുകൾ തുറന്നതിനെതിരെ തമിഴ്‌നാട്ടിലെ പ്രതിപക്ഷ പാർട്ടികൾ രംഗത്തുവന്നിരുന്നു. എന്നാൽ റൂൾ കർവ് പ്രകാരമാണ് ഷട്ടറുകൾ തുറന്നതെന്നായിരുന്നു തമിഴ്‌നാട് സർക്കാരിന്റെ പ്രതികരണം.