പുനിത് രാജ്കുമാറിന് വിട ചൊല്ലി സിനിമാ ലോകം; കണ്ണീരടങ്ങാതെ കർണാടക

അന്തരിച്ച കന്നഡ സൂപ്പർ താരം പുനിത് രാജ്കുമാറിന്റെ സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി. പൂർണ സംസ്ഥാന ബഹുമതികളോടെയായിരുന്നു ചടങ്ങുകൾ. മുഖ്യമന്ത്രി ബസവരാജ ബൊമ്മയ്യ അടക്കമുള്ള പ്രമുഖർ ചടങ്ങിനെത്തി. കണ്ഠീരവ സ്റ്റേഡിയത്തിൽ നിന്നാരംഭിച്ച വിലാപ യാത്രയിൽ പതിനായിരങ്ങളാണ് അണിചേർന്നത്.

ഹൃദയാഘാതത്തെ തുടർന്നാണ് 46കാരനായ താരം അന്തരിച്ചത്. സൂപ്പർതാരത്തിന്റെ അപ്രതീക്ഷിത വിടവാങ്ങലിന്റെ ഞെട്ടലിൽ നിന്നും സിനിമാ ലോകവും കർണാടകയിലെ സിനിമാ ആരാധകരും ഇതുവരെ മുക്തരായിട്ടില്ല. കർണാടകയിൽ സർക്കാർ തിങ്കളാഴ്ച വരെ ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്.

നടനെന്നതിനേക്കാളെറെ സാമൂഹികപ്രവർത്തനങ്ങളിലും സജീവമായിരുന്നു പുനിത്. കർണാടകയിലെ ഇതിഹാസ സിനിമാ താരം രാജ്കുമാറിന്റെ മക്കളിലൊരാളാമ് അദ്ദേഹം. അനുഗ്രഹീതനായ ഗായകൻ കൂടിയായിരുന്നു. ഗായകൻ എന്ന നിലയിൽ ലഭിച്ചിരുന്ന പ്രതിഫലം അദ്ദേഹം കാരുണ്യ പ്രവർത്തനങ്ങൾക്കായാണ് നീക്കിവെച്ചിരുന്നത്. നിരവധി അനാഥാലയങ്ങളുടെയും സ്ത്രീ പുനരധിവാസ കേന്ദ്രങ്ങളുടെയും നടത്തിപ്പുകാരനും രക്ഷാധികാരിയുമൊക്കെ ആയിരുന്നു പുനിത്.

മരണശേഷം തന്റെ കണ്ണുകൾ ദാനം ചെയ്യണമെന്ന ആഗ്രഹം അദ്ദേഹത്തിനുണ്ടായിരുന്നു. ഇതുപ്രകാരം ബംഗളൂരു നാരായണ നേത്രാലയം വഴിയാണ് നേത്രദാനം നടക്കുന്നത്. രണ്ട് പേർക്ക് കാഴ്ച കൂടി നൽകിയാണ് പുനിത് വിടവാങ്ങുന്നത്.