ആറുമാസത്തിനകം 6000 ജീവനക്കാരെ നിയമിക്കുമെന്ന് എമിറേറ്റസ്

 

ദുബായ്: അടുത്ത ആറ് മാസത്തിനകം  6000 ജീവനക്കാരെ റിക്രൂട്ട് ചെയ്യാനൊരുങ്ങി എമിറേറ്റ്‌സ്. പൈലറ്റ്, ക്യാബിന്‍ ക്രൂ, എന്‍ജിനീയറിങ് സ്‌പെഷ്യലിസ്റ്റ് തുടങ്ങിയ ജീവനക്കാരെയാണ്  നിയമിക്കുന്നത്. ക്യാബിന്‍ ക്രൂവിന് 9770 ദിര്‍ഹമാണ് ശമ്പളം. 80 മുതല്‍ 100 മണിക്കൂര്‍ വരെയാണ് ഒരു മാസം ജോലി. സമയത്തിന് അനുസരിച്ച് ശമ്പളത്തില്‍ മാറ്റം വരും.

കാപ്റ്റന്‍മാര്‍ക്ക് ഓരോ വിമാനത്തിനും അനുസരിച്ച് ശമ്പളത്തില്‍ മാറ്റമുണ്ടാകും. എ 380, ബോയിങ് 777 എന്നിവയിലെ കാപ്റ്റന്‍മാര്‍ക്ക് 43,013 ദിര്‍ഹം (ഒമ്പത് ലക്ഷം രൂപ) മുതലാണ് ശമ്പളം. 85 മണിക്കൂറാണ് ജോലി.
എമിറേറ്റ്‌സിന്റെ 90 ശതമാനം സര്‍വീസുകളും പുനരാരംഭിച്ചതായി എമിറേറ്റ്‌സ് ചെയര്‍മാന്‍ ശൈഖ് അഹ്മദ്ബി ബിന്‍ സഈദ് ആല്‍ മക്തൂം അറിയിച്ചു.

മഹാമാരിക്ക് മുന്‍പുണ്ടായിരുന്ന ശേഷിയുടെ 70 ശതമാനം യാത്രക്കാരും ഈ വര്‍ഷം അവസാനത്തോടെ തിരികെയെത്തും. 6000 പുതിയ ജീവനക്കാരെ നിയമിക്കുന്നത് സാമ്പത്തീക സ്ഥിതിക്ക് കരുത്ത് പകരുന്നതിനൊപ്പം പുതിയ അവസരങ്ങളും സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.