ന്യൂഡൽഹി: ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുമ്പോൾ കുട്ടികൾക്കും ഹെൽമെറ്റ് വേണമെന്ന നിയമം വരുന്നു. കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട നിയമഭേദഗതിയുടെ കരട് വിജ്ഞാപനം കേന്ദ്രസർക്കാർ പുറത്തിറക്കി. ഒമ്പത് മാസം മുതൽ നാലു വയസിന് മുകളിലുള്ള കുട്ടികൾ ഹെൽമറ്റ് ധരിച്ചിട്ടുണ്ടെന്ന് വാഹനം ഓടിക്കുന്നയാൾ ഉറപ്പാക്കണമെന്നും കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം പുറത്തിറക്കിയ കരട് വിജ്ഞാപനത്തിൽ പറയുന്നു.
ബിഐഎസ് മാനദണ്ഡങ്ങൾ അനുസരിച്ചുള്ള ഹെൽമറ്റായിരിക്കണം ധരിക്കേണ്ടത്. സൈക്കിൾ സവാരിക്ക് ഉപയോഗിക്കുന്ന ഹെൽമറ്റും അനുവദനീയമാണ്. ഇരുചക്രവാഹനങ്ങളിൽ കുട്ടികളുമായുള്ള യാത്രയിൽ വേഗത 40 കിമീയിൽ കൂടരുതെന്നും വാഹനമോടിക്കുന്നയാളെയും കുട്ടിയേയും ബന്ധിപ്പിച്ചുകൊണ്ട് ബെൽറ്റുണ്ടാകണമെന്നും നിർദേശത്തിൽ പറയുന്നു.
വാഹനാപകടത്തിൽ നിരവധി കുട്ടികൾക്ക് പരിക്കേൽക്കുന്ന സാഹചര്യം മുൻനിർത്തിയാണ് കേന്ദ്രത്തിന്റെ നടപടി. കരട് വിജ്ഞാപനത്തിലെ നിർദേശങ്ങളുമായി ബന്ധപ്പെട്ട് വിയോജിപ്പുകളോ മറ്റ് നിർദേശങ്ങളോ അറിയിക്കാമെന്ന് പൊതുജനങ്ങളോട് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം ആവശ്യപ്പെട്ടു.