ഏപ്രിൽ മുതൽ വാഹനങ്ങളിൽ ഇരട്ട എയർബാഗുകൾ നിർബന്ധം

പാസഞ്ചർ വാഹനങ്ങളിൽ ഇരട്ട എയർബാഗുകൾ നിർബന്ധമാക്കി റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം. ഡ്രൈവർക്കൊപ്പം മുന്നിലെ യാത്രക്കാരനും എയർബാഗ്​ നിർബന്ധമാക്കിയാണ്​ മന്ത്രാലയം ഉത്തരവ്​ ഇറക്കിയിരിക്കുന്നത്​. 2021 ഏപ്രിൽ ഒന്നു മുതൽ നിർമ്മിക്കുന വാഹനങ്ങൾക്ക്​ ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ സ്റ്റാൻഡേർഡായി നൽകണമെന്ന്​ ഗസറ്റ് വിജ്ഞാപനത്തിൽ റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം അറിയിച്ചു. ഇതോടൊപ്പം ഓഗസ്റ്റ്​ 31 മുതൽ നിരത്തിലിറക്കുന്ന വാഹനങ്ങൾക്കും ഇരട്ട എയർബാഗ്​ നിർബന്ധമാണ്​.

റോഡ് സുരക്ഷ സംബന്ധിച്ച സുപ്രീം കോടതി സമിതിയുടെ നിർദ്ദേശത്തെ അടിസ്ഥാനമാക്കിയാണ്​ ഉത്തരവ്​ ഇറക്കുന്നതെന്നും​ മന്ത്രാലയം അറിയിപ്പിൽ പറയുന്നു. വാഹന യാത്രികരുടെ സുരക്ഷയ്ക്കായി മുന്നിൽ ഇരട്ട എയർബാഗുകൾ വേണമെന്നത്​ ഏറെക്കാലമായുള്ള ആവശ്യമാണ്​. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻ‌ഡേർഡ് (ബി‌ഐ‌എസ്) സവിശേഷതകൾ‌ക്ക് കീഴിലുള്ള എ‌ഐ‌എസ് 145 നിലവാരം എയർബാഗ് പാലിക്കേണ്ടതുണ്ടെന്നും വിജ്ഞാപനത്തിൽ പറയുന്നു. കേന്ദ്ര സർക്കാരിന്റെ പുതിയ തീരുമാനം കാർ വില വീണ്ടും ഉയർത്തുമെന്നാണ് കണക്കുകൂട്ടൽ. ഇതോടെ കാറുകളുടെ വില 5,000 മുതൽ 7000 രൂപ വരെ വർധിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. വാഹനം അപകടത്തിൽപ്പെടുമ്പോൾ മുന്നിലുള്ള എയർ ബാഗ് യാത്രക്കാരന്റെ മുഖവും നെഞ്ചും സംരക്ഷിക്കുന്നു. അപകടത്തിന്റെ തീവ്രത കുറയ്ക്കാനും എയർബാഗ് സഹായിക്കും.