ലഖിംപൂർ ഖേരി; സാക്ഷിവിസ്താരം പൂര്‍ത്തിയാക്കാത്തതില്‍ സുപ്രീം കോടതിക്ക് അതൃപ്തി

 

ലഖിംപൂർ ഖേരി കർഷക കൊലപാതകക്കേസില്‍ യുപി സർക്കാറിനു കർശന നിർദേശവുമായി സുപ്രീം കോടതി. കർഷകർ കൊല്ലപ്പെട്ടതിലും മാധ്യമപ്രവർത്തകന്‍ കൊല്ലപ്പെട്ടതിലും പ്രത്യേകം മറുപടി പറയണമെന്ന് കോടതി നിർദേശിച്ചു. പ്രധാനപ്പെട്ട കേസായതിനാൽ ദൃക്സാക്ഷികളുടെ സംരക്ഷണം ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു.

കേസിൽ 23 ദൃക്സാക്ഷികളുണ്ടെന്ന് യുപി സർക്കാർ കോടതിയെ അറിയിച്ചു. 100 കർഷകർ നടത്തിയ റാലിയിൽ 23 പേർ മാത്രമാണോ ദൃക്സാക്ഷിയെന്ന് കോടതി ചോദിച്ചു. കേസിൽ ദൃക്സാക്ഷികളുടെ മൊഴിയാണ് പ്രധാനമെന്നും നിരീക്ഷിച്ച കോടതി അന്വേഷണത്തിന്‍റെ തൽസ്ഥിതി റിപ്പോർട്ട് പരിശോധിച്ചു.

സാക്ഷിമൊഴി 164 വകുപ്പ് പ്രകാരം രേഖപ്പെടുത്തണം. ഇതിനായി ജുഡീഷ്യൽ ഓഫീസറില്ലെങ്കിൽ മജിസ്ട്രേറ്റിനെ ചുമതലപ്പെടുത്തണം. സാക്ഷികൾ കൂറുമാറാൻ സാധ്യത ഉള്ളതിനാൽ സംരക്ഷണം ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു.

കേസില്‍ ഇതുവരെ സാക്ഷിവിസ്താരം പൂര്‍ത്തിയാക്കാത്തതില്‍ കോടതി ഇന്നും അതൃപ്തി രേഖപ്പെടുത്തി. കേസ് പരിഗണിക്കുന്നത് നവംബർ 8ലേക്ക് മാറ്റി.