ഗാന്ധിജി മാപ്പപേക്ഷിച്ചിട്ടില്ല; നിരവധികാലം ജയിലിൽ കിടന്ന എകെജിയും മാപ്പെഴുതികൊടുത്ത് പുറത്തുവന്നിട്ടില്ല: മുഖ്യമന്ത്രി

 

തിരുവനന്തപുരം: സവര്‍ക്കറെ ന്യായീകരിക്കാന്‍ ഗാന്ധിജിയെ രണ്ടാമതും കൊലപ്പെടുത്തുകയാണ് സംഘപരിവാര്‍ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സവര്‍ക്കര്‍ മാപ്പെഴുതിക്കൊടുത്തത് ഗാന്ധിജി നിര്‍ദ്ദേശിച്ചിട്ടാണ് എന്നതാണ് പുതിയ കഥയെന്നും എന്നാല്‍ നീണ്ട ജയില്‍ ജീവിതത്തിന്റെ ഒരു ഘട്ടത്തിലും ഗാന്ധിജി മാപ്പപേക്ഷിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

നിരവധികാലം ജയിലില്‍ കിടന്ന എകെജി മാപ്പെഴുതിക്കൊടുത്ത് പുറത്തുവന്നിട്ടില്ലെന്നും ജനങ്ങളെ ഏകോപിപ്പിക്കുന്നതിനേക്കാള്‍ എത്രകണ്ട് ഭിന്നിപ്പിക്കാം എന്നതിനാണ് കേന്ദ്രഭരണകൂടവും അതിന്റെ വക്താക്കളും ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓള്‍ കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ അറുപത്തി മൂന്നാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചരിത്രം വളച്ചൊടിച്ച് കൃത്രിമമായി ചരിത്രം സൃഷ്ടിക്കുന്നതിന്റെ ഭാഗമാണ് ഇപ്പോള്‍ ഉയര്‍ന്ന വിവാദങ്ങളെന്നും ഇതൊരു കലുഷിതമായ കാലമാണെന്ന് തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. ശാസ്ത്ര ചിന്തയ്ക്കു പകരം അന്ധവിശ്വാസവും വ്യാജ ചരിത്രവും കേന്ദ്ര സര്‍ക്കാര്‍ തന്നെ പ്രചരിപ്പിക്കുന്ന ഈ ഘട്ടത്തില്‍ ഒരു അക്കാദമിക് സമൂഹം എന്ന നിലയില്‍ ശരിയായ കാര്യങ്ങളെ തുറന്നു കാണിക്കാന്‍ അധ്യാപക സംഘടനയ്ക്ക് ബാധ്യതയുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ധാരാളം വിദേശ വിദ്യാര്‍ത്ഥികള്‍ ഉന്നത പഠനത്തിനായി കേരളത്തിലെത്തുന്നുണ്ടെന്നും അവരിവിടെ വരുന്നത് കേരളം, മതനിരപേക്ഷതയും ജനാധിപത്യവും സമാധാനവും ചിന്താ സ്വാതന്ത്ര്യവും ഉള്ള നാടായതിനാലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.