കാണാതായ ഒന്‍പത് വയസുകാരന്റെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍

 

ന്യൂഡല്‍ഹി: രണ്ട് ദിവസം മുന്‍പ് വീട്ടില്‍ നിന്ന് കാണാതായ ഒന്‍പത് വയസ് പ്രായമുള്ള ആണ്‍കുട്ടിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തി. വീടിന്റെ പരിസരത്ത് നിന്നാണ് കുട്ടിയുടെ മൃതദേഹം കിട്ടിയതെന്ന് ഡല്‍ഹി പോലീസ് പറഞ്ഞു. ഉത്തം നഗറില്‍ മാതാപിതാക്കള്‍ക്കൊപ്പം താമസിച്ചിരുന്ന കുട്ടിയെ തിങ്കളാഴ്ച വൈകുന്നേരമാണ് കാണാതായത്. വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തട്ടിക്കൊണ്ട്പോകലിന് കേസെടുത്തിരുന്നു.

വീടിന് പരിസരത്തുള്ള മറ്റൊരു വീട്ടില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ കഴുത്തിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും മുറിവുകളുണ്ടായിരുന്നു. സംശയം തോന്നിയ ചിലരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണെന്ന് പോലീസ് അറിയിച്ചു. കൊലപാതകക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ്പരിശോധിച്ചുവരികയാണ്. കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചാക്കില്‍ കെട്ടി ഉപേക്ഷിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.