ലക്നോ: ലഖിംപുര്‍ ഖേരിയിലെ അക്രമവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന് ആശിഷ് മിശ്രയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് ഉത്തര്‍പ്രദേശ് ഐ.ജി ലക്ഷ്മി സിങ്. ആശിഷ് മിശ്രയെ പിടികൂടാന്‍ തിരച്ചില്‍ ആരംഭിച്ചതായും കൊലപാതകകുറ്റം ഉള്‍പ്പടെ ചുമത്തിയാണ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും ഐ.ജി വ്യക്തമാക്കി. ആജ്തകിനോട് പ്രതികരിക്കുകയായിരുന്നു ഐ.ജി.
സമൂഹമാധ്യമങ്ങളില്‍ വൈറലായ വീഡിയോയും വിവരങ്ങളും ഉപയോഗിച്ച് കൂടുതല്‍ അന്വേഷണം നടത്തിയതായും ഐ.ജി പറഞ്ഞു. എന്നാല്‍, സംഭവം നടന്ന ഞായറാഴ്ച രാവിലെ ഒമ്പതുമുതല്‍ ബന്‍വാരിപൂരിലായിരുന്നു താനെന്നാണ് ആശിഷ് മിശ്രയുടെ വാദം. തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും ആശിഷ് മിശ്ര നേരത്തേ എ.എന്‍.ഐയോട് പറഞ്ഞിരുന്നു.