ജയം ഉറപ്പിച്ച് മമത; ഭവാനിപ്പൂരിൽ 34000 ലീഡ്: സിപിഎമ്മിന് 1500

 

കൊൽക്കത്ത: ഭവാനിപ്പൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ചിത്രത്തിലില്ലാതെ സിപിഎം. പന്ത്രണ്ടു മണിയോടെ മമതയുടെ ഭൂരിപക്ഷം മുപ്പത്തിനാലായിരം കടന്നപ്പോൾ സിപിഎം സ്ഥാനാർത്ഥിക്ക് കിട്ടിയത് വെറും ആയിരത്തി അഞ്ഞൂറ് വോട്ടാണ്. പോൾ ചെയ്ത വോട്ടിൽ ഒരു ശതമാനത്തില്‍ താഴെ മാത്രമാണ് മൂന്നരപ്പതിറ്റാണ്ട് അധികാരത്തിലിരുന്ന പാർട്ടിക്ക് ലഭിച്ചത്.

സിപിഎമ്മിനായി ശ്രീജിബ് ബിശ്വാസാണ് മത്സരരംഗത്തുള്ളത്. പതിനൊന്ന് റൗണ്ട് വോട്ടെണ്ണിക്കഴിഞ്ഞപ്പോൾ 45894 വോട്ടാണ് മുഖ്യമന്ത്രിക്ക് കിട്ടിയത്. 34,000 വോട്ടിന്‍റെ ലീഡ്. ബിജെപി സ്ഥാനാർത്ഥി പ്രിയങ്ക തിബ്രെവാളിന് 11894 വോട്ടു ലഭിച്ചു. ശ്രീജിബ് ബിശ്വാസിന് 1515 വോട്ടും.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് തരംഗം അലയടിച്ചപ്പോഴും നന്ദിഗ്രാമിൽ മമത ബാനർജി പരാജയപ്പെട്ടിരുന്നു. ബിജെപി സ്ഥാനാർഥിയായി രംഗത്തിറങ്ങിയ മുൻ വിശ്വസ്തൻ സുവേന്ദു അധികാരിക്ക് മുന്നിലാണ് അടിതെറ്റിയത്. തോൽവി വകവെയ്ക്കാതെ ബംഗാൾ മുഖ്യമന്ത്രിയായി മമത ബാനർജി ചുമതലയേറ്റു. എംഎൽഎ അല്ലാത്തവർക്കും മന്ത്രിയാകാം എന്നഭരണഘടന വ്യവസ്ഥയിലാണ് മുഖ്യമന്ത്രിയായത്. ആറു മാസത്തിനുള്ളിൽ നിയമസഭാ അംഗമായില്ലെങ്കിൽ പുറത്തുപോകേണ്ടിവരും. ഈ കാലപരിധി അടുത്ത മാസം അഞ്ചിനു അവസാനിക്കും. അതുകൊണ്ടുതന്നെ ഇന്നത്തെ വിജയം മമതയ്ക്ക് അനിവാര്യമാണ്.

കൃഷിമന്ത്രി ശോഭൻ ദേവ് എംഎൽഎ സ്ഥാനം രാജിവച്ച് മമതയ്ക്ക് മത്സരിക്കാൻ വഴിയൊരുക്കുകയായിരുന്നു. 2011ലും 2016ലും മമതയെ വിജയിപ്പിച്ച ഈ മണ്ഡലം ദീദിയുടെ സ്വന്തം വീട് എന്നാണ് അറിയപ്പെടുന്നത്. ബംഗാളിലെ സംസാർഗഞ്ച്, ജംഗിപൂർ മണ്ഡലങ്ങളിലും തൃണമൂൽ സ്ഥാനാർഥികളാണ് മുന്നിൽ. സംസാർഗഞ്ചിൽ അമിറുൽ ഇസ്‌ലാമും ജംഗിപൂരിൽ ജാകിർ ഹുസൈനും ലീഡ് ചെയ്യുന്നു.