പാലക്കാട് മണ്ണാർക്കാട് അച്ഛനെ മക്കൾ ആറ് മാസത്തോളം മുറിക്കുള്ളിൽ പൂട്ടിയിട്ടതായി പരാതി. കിടപ്പിലായ അച്ഛന് ഭക്ഷണം പോലും കൃത്യമായി നൽകിയിരുന്നില്ലെന്നും നാട്ടുകാർ പറയുന്നു. ആരോഗ്യ വകുപ്പും പൊലീസും സ്ഥലത്തെത്തി വയോധികനെ മോചിപ്പിച്ചു.
മണ്ണാർക്കാട് പടിഞ്ഞാറെ തറയിൽ പൊന്നു ചെട്ടിയാർ എന്ന ആളെ മക്കളായ ഗണേശനും തങ്കമ്മയും കഴിഞ്ഞ ആറ് മാസത്തോളം വീട്ടിൽ പൂട്ടിയിട്ട് ഭക്ഷണം പോലും കൃത്യമായി നൽകാതെ പീഡിപ്പിച്ചെന്ന് സമീപവാസികൾ പറയുന്നു. കിടപ്പിലായ അച്ഛന് ഒരു നേരം മാത്രമേ മക്കൾ ഭക്ഷണം എത്തിച്ചു നൽകിയിരുന്നുള്ളൂവെന്നും വാർഡ് കൗൺസിലർ അരുൺ കുമാർ പാലകുർശ്ശി പറഞ്ഞു.
പൊന്നുചെട്ടിയാരുടെ ഭാര്യ രണ്ട് വർഷങ്ങൾക്ക് മുൻപ് മരിച്ചിരുന്നു. അതിനു ശേഷമാണ് അച്ഛനെ ഇത്തരത്തിൽ മക്കൾ വീട്ടിനകത്ത് പൂട്ടിയിട്ടത്. സ്വത്ത് മക്കൾക്ക് എഴുതി നൽകിയിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സംഭവ സ്ഥലത്തെത്തിയ ആരോഗ്യ വകുപ്പും പൊലീസും നഗരസഭ അധികൃതരും ചേർന്ന് വയോധികനെ മോചിപ്പിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് സ്റ്റേഷനിൽ ഹാജരാക്കാൻ മക്കൾക്ക് നിർദേശം നൽകിയിട്ടുണ്ട്.