കൽപ്പറ്റ: പനമരം നെല്ലിയമ്ബം ഇരട്ട കൊലപാതക കേസിലെ പ്രതി അർജുനായി ഇന്ന് പോലീസ് കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും. മാനന്തവാടി ഒന്നാം ക്ലാസ് മജിസട്രേറ്റ് കോടതിയിലാണ് അപേക്ഷ നൽകുക. അഞ്ച് ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെടുക.
മാനന്തവാടി ജില്ല ജയിലിൽ റിമാൻഡിൽ കഴിയുന്ന പ്രതിയെ കൊലപാതകം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. കസ്റ്റഡിയിൽ വിട്ടുകിട്ടുന്ന പ്രതിയെ മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യും.
ഇന്നലെയാണ് കൊല്ലപ്പെട്ട വൃദ്ധ ദമ്ബതികളുടെ അയൽവാസിയായ അർജുൻ അറസ്റ്റിലാകുന്നത്. നേരത്തേ ചോദ്യം ചെയ്യാൻ വിളിച്ചപ്പോൾ അർജുൻ എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. വിശദമായ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. കഴിഞ്ഞ ജൂൺ 10നാണ് പനമരം നെല്ലിയമ്ബത്ത് റിട്ടയേർഡ് അധ്യാപകനായ കേശവൻ മാസ്റ്ററും ഭാര്യ പത്മാവതിയമ്മയും കൊല്ലപ്പെട്ടത്.