നിരോധിത പുകയില ഉത്പന്നമായ ഹാൻസിന്റെ ആയിരത്തിലേറെ പാക്കറ്റുകൾ മറിച്ചുവിറ്റ കേസിൽ മലപ്പുറത്ത് രണ്ട് പോലീസുകാർ അറസ്റ്റിൽ. കോട്ടക്കൽ പോലീസ് സ്‌റ്റേഷനിലെ എഎസ്‌ഐ രജീന്ദ്രൻ, സീനിയർ സിപിഒ സജി ചെറിയാൻ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു
ജൂൺ 21ന് കോട്ടക്കൽ പോലീസ് ലക്ഷക്കണക്കിന് രൂപയുടെ പുകയില ഉത്പന്നങ്ങൽ പിടിച്ചെടുത്തിരുന്നു. വാഹനത്തിൽ കടത്താൻ ശ്രമിച്ച 1600 ഓളം പാക്കറ്റ് ഹാൻസാണ് പിടികൂടിയത്. ഇവരുടെ വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു. പിടികൂടിയ പുകയില ഉത്പന്നം നശിപ്പിച്ച് കളയാൻ കോടതി ഉത്തരവിട്ടിരുന്നു.
എന്നാൽ ഇത് നശിപ്പിക്കാതെ രണ്ട് ഉദ്യോഗസ്ഥരും ഇത് മറിച്ചുവിൽക്കുകയായിരുന്നു. ഇക്കാര്യം അറിഞ്ഞ ഹാൻസ് കടത്തുകേസിലെ പ്രതികളായ നാസർ, അഷ്‌റഫ് എന്നിവരാണ് വിവരം പോലീസിനെ അറിയിച്ചത്.