മൈസൂർ കൂട്ടബലാത്സംഗം: പ്രതികൾ മലയാളി വിദ്യാർഥികളെന്ന് സൂചന; അന്വേഷണം പുരോഗമിക്കുന്നു

 

രാജ്യത്തെ നടുക്കിയ മൈസൂർ കൂട്ടബലാത്സംഗ കേസിൽ പ്രതികൾ മലയാളി വിദ്യാർഥികളെന്ന് സൂചന. അന്വേഷണം മലയാളി വിദ്യാർഥികളെ കേന്ദ്രീകരിച്ചാണ് നീങ്ങുന്നത്. ചാമുണ്ഡി ഹിൽസിൽ വെച്ച് എം ബി എ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം നടത്തി കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച സംഭവത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്

സംഭവം നടന്ന് ദിവസങ്ങളായിട്ടും പ്രതികളെ പിടികൂടാൻ സാധിക്കാത്തതിൽ കടുത്ത പ്രതിഷേധമാണ് കർണാടകയിൽ അരങ്ങേറുന്നത്. പ്രതികളെ കുറിച്ച് സൂചന നൽകുന്നവർക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് കർണാടക സർക്കാർ അറിയിച്ചിട്ടുണ്ട്. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് നിർണായക സൂചനകളിലേക്ക് എത്തിയത്.

യുവതി ആക്രമിക്കപ്പെട്ട സമയത്ത് ഈ ടവർ ലൊക്കേഷനിൽ ആക്ടീവായിരുന്ന ഇരുപത് നമ്പറുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ആറെണ്ണം സംഭവം നടന്ന ലൊക്കേഷനിൽ ആക്ടീവായിരുന്നു. ഇതിൽ മൂന്ന് നമ്പറുകൾ മലയാളി വിദ്യാർഥികളുടെയും ഒന്ന് തമിഴ്‌നാട് സ്വദേശിയുടേതുമാണ്.

മൈസൂർ സർവകലാശാലയിൽ പഠിക്കുന്ന വിദ്യാർഥികളാണ് ഇവർ. എന്നാൽ ക്യാമ്പിൽ പോലീസ് എത്തിയപ്പോൾ തലേ ദിവസം നടന്ന പരീക്ഷയെഴുതാൻ വിദ്യാർഥികൾ എത്തിയില്ലെന്ന വിവരമാണ് ലഭിച്ചത്. പ്രതികളെന്ന് കരുതുന്ന ഇവർ സംസ്ഥാനം വിട്ടതായാണ് സൂചന.