കാബൂളിനെ വിറപ്പിച്ച് 13 പേര്‍ കൊല്ലപ്പെട്ട സ്‌ഫോടനത്തിനു പിന്നില്‍ ഐഎസ്: സ്ഥിരീകരിച്ച് യുഎസും താലിബാനും

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിനെ വിറപ്പിച്ച ഉഗ്ര സ്ഫോടനങ്ങള്‍ക്കു പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റ് ആണെന്ന് താലിബാനും യുഎസും അറിയിച്ചു. വിദേശികള്‍ ഉള്‍പ്പെടെയുള്ളവര്‍ അഫ്ഗാന്‍ വിടുന്നതിനുള്ള ശ്രമം നടക്കവെയാണ് വിമാനത്താവളത്തിന് പുറത്ത് ബോംബുകള്‍ പൊട്ടിയത്. സ്‌ഫോടനത്തില്‍ 13 പേരാണ് കൊല്ലപ്പെട്ടത്. ഐഎസ് ആക്രമണത്തിന് സാധ്യതയുണ്ടെന്ന് നേരത്തെ അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരുന്നു. ഭീകര പ്രവര്‍ത്തനമാണ് നടന്നിരിക്കുന്നത് എന്നായിരുന്നു താലിബാന്റെ പ്രതികരണം. ആക്രമണം സംബന്ധിച്ച് ലഭിച്ച വിവരങ്ങളെല്ലാം അമേരിക്കയ്ക്ക് കൈമാറിയെന്ന് താലിബാന്‍ വക്താവ് സബീഹുല്ലാ മുജാഹിദ് പറഞ്ഞു.

‘ ഐഎസ് ആണ് ആക്രമണത്തിന് പിന്നില്‍. ഭീകരവാദികള്‍ക്ക് അഫ്ഗാനില്‍ സ്ഥാനമില്ല. ഭീകര പ്രവര്‍ത്തനത്തിന് അഫ്ഗാന്റെ മണ്ണില്‍ അവസരം ഒരുക്കില്ല. തീവ്രവാദത്തെ ചെറുക്കാന്‍ അന്താരാഷ്ട്ര സമൂഹവുമായി സഹകരിച്ച് പ്രവര്‍ത്തിക്കും ‘ – താലിബാന്‍ വ്യക്തമാക്കി. ഐഎസ് ആണ് ആക്രമണത്തിന് പിന്നിലെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ലോക നേതാക്കള്‍ ചര്‍ച്ചയിലാണ്. ബ്രിട്ടീഷ് സര്‍ക്കാര്‍ അടിയന്തര യോഗം ചേര്‍ന്നു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി നേരത്തെ തീരുമാനിച്ച കൂടിക്കാഴ്ച ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്നറ്റ് മാറ്റിവച്ചു. കാബൂളില്‍ നിന്ന് അംബാസഡറെ നാട്ടിലേക്ക് വിളിക്കുമെന്ന് ഫ്രാന്‍സ് അറിയിച്ചു. അമേരിക്കക്കാര്‍ക്കും സ്ഫോടനത്തില്‍ പരിക്കേറ്റെന്ന് പെന്റഗണ്‍ വ്യക്തമാക്കി.