രത്‌നം 30ാം നമ്പറിൽ പാരീസിൽ; മെസ്സിക്ക് വെൽക്കം ട്രെയിലറൊരുക്കി പി എസ് ജി

 

ദിവസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ അതിന് തീരുമാനമായി. ബാഴ്‌സലോണ വിട്ട സൂപ്പർ താരം മെസ്സി ഇനി ഫ്രഞ്ച് ക്ലബ്ബായ പി എസ് ജിയിൽ. ഇത് സ്ഥിരീകരിച്ചുകൊണ്ട് പി എസ് ജി ഔദ്യോഗിക വീഡിയോ പുറത്തുവിട്ടു. മെസ്സിയെ സ്വാഗതം ചെയ്തുകൊണ്ടുള്ള ട്രെയിലറാണ് പുറത്തുവിട്ടത്

ടീമിൽ മെസ്സി 30ാം നമ്പറിലാകും കളിക്കുക. പത്താം നമ്പറാണ് മെസ്സിയുടേതെങ്കിലും നിലവിൽ പി എസ് ജിയിൽ ഇത് നെയ്മറാണ് ഉപയോഗിക്കുന്നത്. മെസ്സിക്കായി പത്താം നമ്പർ വിട്ടുകൊടുക്കാൻ നെയ്മർ തയ്യാറായിരുന്നുവെങ്കിലും മെസ്സി ഇത് നിരസിച്ചതായാണ് റിപ്പോർട്ടുകൾ. പാരീസിൽ പുതിയ രത്‌നം എന്ന പേരിലാണ് പി എസ് ജി ട്രെയിലർ പുറത്തുവിട്ടിരിക്കുന്നത്.

ചൊവ്വാഴ്ച ഉച്ചയോടെ മെസ്സി പാരീസിലെത്തിയിരുന്നു. പാരീസ് വിമാനത്താവളത്തിലെത്തിയ മെസ്സിയെ സ്വീകരിക്കാനായി ആയിരങ്ങളാണ് തടിച്ചുകൂടിയത്. ദി ഈസ് പാരീസ് എന്ന ടീ ഷർട്ടും ധരിച്ചാണ് താരം പുറത്തുവന്നത്.