ഇന്ധനവില ഇന്നും കൂട്ടി: ‘സെഞ്ച്വറിയടിക്കാൻ’ കുതിച്ച് ഡീസലും

 

തിരുവനന്തപുരം/ കൊച്ചി: എണ്ണക്കമ്പനികൾ വീണ്ടും ഇന്ധനവില കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 17 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് ഇന്നത്തെ പെട്രോളിന്‍റെ വില 102 രൂപ 19 പൈസയായി. ഡീസലിന് 96.1 രൂപയുമായി. കൊച്ചിയിൽ പെട്രോളിന് 100.42 രൂപയായി. ഡീസലിന് 96.11 രൂപയായി. കോഴിക്കോട്ട് പെട്രോൾ വില 100.68 രൂപയായി. ഡീസൽ വില 94.71 രൂപയുമായി.

വരും ദിവസങ്ങളിലും ഇന്ധനവില കൂട്ടിയേക്കുമെന്നാണ് സൂചന. പാചകവാതക വിലയും കൂട്ടിയേക്കും. മഹാമാരിക്കാലത്ത് ജനങ്ങളുടെ നട്ടെല്ലൊടിക്കുകയാണ് എണ്ണക്കമ്പനികൾ.

മെയ് നാല് മുതൽ ഇന്ധനവില കൂടുകയല്ലാതെ കുറഞ്ഞിട്ടില്ല. അതിന് മുമ്പ് 18 ദിവസം എണ്ണക്കമ്പനികൾ ഇന്ധനവില കൂട്ടിയിട്ടില്ല. കേരളമുൾപ്പടെ നാല് സംസ്ഥാനങ്ങളിലും പുതുച്ചേരിയിലും തെരഞ്ഞെടുപ്പ് നടക്കുന്ന 18 ദിവസം ഇന്ധനവില കൂട്ടാതിരുന്ന എണ്ണക്കമ്പനികൾ പിന്നീടങ്ങോട്ട്, ഒന്നിടവിട്ട ദിവസങ്ങളിലെന്നോണം വില കൂട്ടി.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സ്ഥിതിയിൽ ഇന്ധനവില വർദ്ധനവിന്മേലുള്ള അധിക നികുതി വേണ്ടെന്ന് വെക്കാനാകില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കിയിരുന്നു. സംസ്ഥാന നികുതി കൂട്ടിയിട്ടില്ല. കുറയ്ക്കാൻ നിവൃത്തിയില്ല. സംസ്ഥാനത്തിന് ആകെ കിട്ടുന്നത് ഇന്ധനനികുതിയാണ്. അടിക്കടി എണ്ണക്കമ്പനികൾക്ക് തോന്നിയ പോലെ വില കൂട്ടാൻ അനുമതി നൽകിയത് കേന്ദ്രസർക്കാരെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു.