മാധ്യമങ്ങളോട് പ്രതികരിക്കാതെ വീട്ടിൽ അടച്ചിരുന്ന് ജോസഫൈൻ; രാജി ചോദിച്ച് വാങ്ങിയതിൽ സങ്കടം

കൊച്ചി: രാജിക്കാര്യത്തിൽ മാധ്യമങ്ങളോട് ഒന്നും പ്രതികരിക്കാതെ മുൻ വനിതാ കമ്മീഷൻ അദ്ധ്യക്ഷ എം.സി ജോസഫൈൻ. പാർട്ടി നൽകിയ വിശദീകരണത്തിനപ്പുറം മാദ്ധ്യമങ്ങളോട് ഒന്നും തന്നെ പറയാനില്ലെന്ന് ജോസഫൈൻ പറഞ്ഞു. വനിതാ കമ്മീഷൻ അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവെച്ച ശേഷം ഇന്ന് രാവിലെയാണ് ജോസഫൈൻ അങ്കമാലിയിലെ വീട്ടിലെത്തിയത്. രാജിയ്ക്ക് ശേഷം മാദ്ധ്യമങ്ങളിൽ നിന്നും അകന്നു നിൽക്കുന്ന നിലപാടാണ് ജോസഫൈൻ സ്വീകരിച്ചത്.

വെള്ളിയാഴ്ച വൈകിട്ടും ഇന്ന് രാവിലെയും പ്രതികരണം തേടിയെങ്കിലും ജോസഫൈൻ മാദ്ധ്യമങ്ങളോട് മുഖം തിരിച്ചു. തന്റെ ഭാഗം പാർട്ടിയിൽ പറഞ്ഞിട്ടുണ്ട്. ടെലിവിഷൻ ചാനൽ ചർച്ചയ്ക്കിടെ യുവതിയോട് മോശമായി സംസാരിച്ചതിനെതിരെ ജോസഫൈനെതിരെ സമൂഹമാദ്ധ്യമങ്ങളിൽ അടക്കം പ്രതിഷേധം ശക്തമായിരുന്നു. തുടർന്ന് പാർട്ടി ആവശ്യപ്പെട്ടതോടെയാണ് ജോസഫൈൻ അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവെച്ചത്.

അധികാര കാലാവധി 11 മാസം കൂടി ബാക്കി നിൽക്കുന്നതിനിടെയാണ് ജോസഫൈൻ്റെ രാജി. മാദ്ധ്യമങ്ങൾ വേട്ടയാടിയെന്ന അഭിപ്രായം ഉള്ളിലുണ്ട്. ഇക്കാര്യം നേതൃത്വത്തെ ബോദ്ധ്യപ്പെടുത്താനും ശ്രമിച്ചേക്കും. അതേസമയം ആകെ ദുഖിതയായാണ് മുൻ വനിതാ കമ്മീഷൻ അധ്യക്ഷയെ കാണാനായത്.