മുഖ്യമന്ത്രി എനിക്കെതിരായ ആരോപണങ്ങളിൽ കേസെടുത്ത് അന്വേഷിക്കണം: കെ സുധാകരൻ

 

മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ആരോപണങ്ങൾക്ക് മറുപടിയുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ നട്ടെല്ലുണ്ടെങ്കിൽ കേസെടുത്ത് അന്വേഷണം നടത്താൻ സുധാകരൻ വെല്ലുവിളിച്ചു. മക്കളെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ട വിവരം അറിഞ്ഞിട്ടും സ്വന്തം ഭാര്യയോട് പോലും പറയാതിരുന്ന പിണറായി അച്ഛന്റെ സ്ഥാനത്തായിരുന്നോ എന്ന് തനിക്ക് സംശയമുണ്ട്.

സ്വന്തം അനുഭവം പങ്കുവെക്കാൻ അദ്ദേഹം എഴുതി വായിക്കേണ്ടതുണ്ടോ. മക്കളെ തട്ടിക്കൊണ്ടുപോകാൻ ഞാൻ പദ്ധതിയിട്ടുവെന്ന് പറഞ്ഞ ആളുടെ പേര് പറയുന്നില്ല. ബ്രണ്ണൻ കോളജിൽ പഠിക്കുന്ന എനിക്ക് എന്ത് ഫിനാൻഷ്യറാണ് ഉണ്ടാകുക. സ്വന്തം കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ട വിവരം എന്തുകൊണ്ട് പോലീസിൽ പരാതിപ്പെട്ടില്ല.

അഞ്ച് വർഷം ഭരിച്ച മുഖ്യമന്ത്രി പറയുന്നു എനിക്ക് വിദേശ ഇടപാടുണ്ടെന്ന്. അഴിമതിയും സ്വജനപക്ഷപാതവും വെച്ചുപുലർത്തി വിദേശ കറൻസി ഇടപാട് നടത്തിയത് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ്. അതെല്ലാവരും അറിഞ്ഞതാണ്. നാല് വർഷം കൂടെ കൊണ്ടുനടന്നു സ്വപ്‌ന സുരേഷിനെ. എന്നിട്ട് അവസാനം എനിക്കറിയില്ലെന്ന് പറഞ്ഞു. കൊച്ചുകുട്ടികൾ പോലും അദ്ദേഹത്തെ വിശ്വസിക്കില്ല

വെടിയുണ്ട കണ്ടെത്തിയപ്പോൾ കോടതിയിൽ നിന്ന് ലഭിച്ച തിരിച്ചടി പിണറായിക്ക് ഓർമയുണ്ടോ. ജസ്റ്റിസ് സുകുമാരൻ ആവർത്തിച്ച് പറഞ്ഞു മാഫിയകളുമായി ബന്ധമുണ്ടെന്ന്. ഉണ്ട കൊണ്ടുനടന്നത് പുഴുങ്ങി തിന്നാനല്ലല്ലോ. തോക്കുമായി നടന്ന പിണറായിയാണോ മാഫിയ അതോ ഒരു തോക്ക് പോലും ഇതുവരെ വാങ്ങാത്ത ഞാനാണോ മാഫിയ എന്ന് ജനം പറയട്ടെ.

നട്ടെല്ലുണ്ടെങ്കിൽ എനിക്കെതിരായ ആരോപണങ്ങളിൽ കേസെടുത്ത് എന്നെ പ്രതിക്കൂട്ടിൽ കയറ്റണം. നട്ടെല്ലുണ്ടെങ്കിൽ അത് കാണിക്കണം. അല്ലാതെ ചീഞ്ഞളിഞ്ഞ മനസ്സ് ഒരു മുഖ്യമന്ത്രിക്ക് ഭൂഷണമല്ലെന്നും സുധാകരൻ പറഞ്ഞു.