സംസ്ഥാനത്ത് ലോക്ക് ഡൗൺ ലഘൂകരിക്കുമെങ്കിലും ആരാധനാലയങ്ങൾ തുറക്കാൻ കുറച്ചുദിവസം കൂടി കാത്തിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആളുകൾ കൂട്ടം കൂടുന്നത് ഒരുതരത്തിലും ഈ ഘട്ടത്തിൽ അനുവദിക്കാനാകില്ല
ആരാധനാലയങ്ങൾ പ്രവർത്തിക്കാൻ അനുമതി വേണമെന്ന് വിശ്വാസികൾ ആഗ്രഹിക്കുന്ന കാര്യമാണ്. എന്നാൽ കുറച്ചു ദിവസം കൂടി നമുക്കതിന് കാത്തിരിക്കണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ. സംസ്ഥാനത്തെ നാലായി തിരിച്ചാണ് ലോക്ക് ഡൗൺ ലഘൂകരിക്കുക.
അന്തർജില്ലാ പൊതുഗതാഗതത്തിന് ഇപ്പോൾ തീരുമാനം എടുത്തിട്ടില്ല. ഓട്ടോ റിക്ഷകൾക്കും ടാക്സികൾക്കും ചില വ്യവസ്ഥകളോടെ അനുമതി നൽകും. ബാർബർ ഷോപ്പുകൾക്ക് അനുമതിയുണ്ടാകും. ബ്യൂട്ടി പാർലറിന്റെ കാര്യത്തിൽ കൂടുതൽ പരിശോധന വേണം.
ഏത് ആപ്പ് ഉപയോഗിച്ച് മദ്യവിതരണം നടത്തണമെന്ന് തീരുമാനിക്കേണ്ടത് ബെവ്കോ ആണ്. ആളുകൾക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിൽ ഇത് നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.